നിർവഹണച്ചുമതല പൊതുമരാമത്ത് കെട്ടിടവിഭാഗത്തിന്

ശാസ്‌ത്രഭൂപടത്തിലേക്ക്‌ 
മാവേലിക്കരയുടെ ‘പാർക്കി’ങ്

പൊതുമരാമത്ത്

സയൻസ് പാർക്ക് നിർമാണത്തിന്‌ വിളിച്ചുചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിൽ എം എസ്‌ അരുൺകുമാർ എംഎൽഎ സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Jun 23, 2025, 12:13 AM | 1 min read

മാവേലിക്കര
ടി കെ മാധവന്‍ സ്‌മാരക മാവേലിക്കര നഗരസഭാ പാര്‍ക്കില്‍ അഞ്ചുകോടി ചെലവിൽ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സയന്‍സ് പാര്‍ക്കിന്റെ നിർവഹണച്ചുമതല പൊതുമരാമത്ത് കെട്ടിടവിഭാഗത്തിന്. എം എസ് അരുണ്‍കുമാര്‍ എംഎല്‍എ 2022ൽ ബജറ്റ് നിര്‍ദേശമായി സമര്‍പ്പിച്ച പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. തദ്ദേശസ്വയംഭരണവകുപ്പിനായിരുന്നു നിർമാണച്ചുമതല. പദ്ധതി നടപ്പാക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മാവേലിക്കര നഗരസഭയ്‌ക്ക്‌ എംഎല്‍എ കത്തുനല്‍കി. പദ്ധതിനിര്‍വഹണ മേല്‍നോട്ടത്തിന്‌ കേരളാ സയന്‍സ് ആന്‍ഡ് ടെക്‌നോളജി മ്യൂസിയത്തെ എംഎൽഎ ചുമതലപ്പെടുത്തി. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം നഗരസഭയില്‍ നിലനിര്‍ത്തി നിര്‍മാണത്തിന് പ്രാഥമിക അനുമതി നല്‍കാൻ അന്നത്തെ നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. എന്നാൽ മൂന്ന്‌ വർഷത്തിനുശേഷം പദ്ധതി ഏറ്റെടുക്കാനാകില്ലെന്ന് ഭരണസമിതി എംഎൽഎയ്‌ക്ക്‌ കത്ത് നൽകി. പൊതുമരാമത്തുവകുപ്പിന് നിർവഹണച്ചുമതല നൽകണമെന്ന് അഭ്യർഥിച്ച് എംഎൽഎ ധനമന്ത്രിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ്‌ പുതിയ നടപടി. നഗരസഭ എൻഒസി നൽകിയാൽ നിർമാണം ആരംഭിക്കും. ആദ്യഘട്ടത്തില്‍ അഞ്ചുകോടി അനുവദിച്ചു. പദ്ധതി യാഥാര്‍ഥ്യമാകുമ്പോള്‍ സംസ്ഥാനത്തെ ശാസ്‌ത്ര-വിനോദ ഉദ്യാനങ്ങളില്‍ എട്ടാമത്തേതാകും, ജില്ലയില്‍ ആദ്യത്തേതും. 1.70 ഏക്കര്‍ ഭൂമിയിലാണ് പദ്ധതി. ശാസ്‌ത്രവിനോദ പാര്‍ക്ക്, രാത്രിയും പകലും വാനനിരീക്ഷണ സംവിധാനം, കുട്ടികള്‍ക്കായി മിനി ഡിജിറ്റൽ തിയറ്റര്‍, സമഗ്രമായ ഡിജിറ്റല്‍ ലൈബ്രറി, മ്യൂസിക്കല്‍ ഫൗണ്ടന്‍ പാര്‍ക്ക്, മാവേലിക്കരയുടെ ചരിത്രം തുറക്കുന്ന ഗാലറി, മിനി കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയുണ്ടാകും. നിർമിതബുദ്ധി സാധ്യതകളും ഉപയോഗപ്പെടുത്തും. മാവേലിക്കര പിഡബ്ല്യുഡി റെസ്‌റ്റ്‌ ഹൗസിൽ എംഎൽഎ വിളിച്ച യോഗത്തിൽ കേരള സയൻസ് ആൻഡ് ടെക്‌നോളജി മ്യൂസിയം ഡയറക്‌ടർ പി എസ് സുന്ദർലാൽ, ടെക്‌നിക്കൽ അസി. ആർ ബിജു, പിഡബ്ല്യുഡി കെട്ടിടവിഭാഗം അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ ലക്ഷ്‌മി ചന്ദ്രൻ, എഇ പ്രശാന്ത് എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home