ഐടി പ്രൊഫഷണലിന്റെ 15.11 ലക്ഷം തട്ടിയ 2 പേർകൂടി അറസ്‌റ്റിൽ

ആലപ്പുഴ
ഓൺലൈൻ ഓഹരിവ്യാപാരത്തിന്റെ പേരിൽ കായംകുളം പത്തിയൂർ സ്വദേശിയായ ഐടി പ്രൊഫഷണലിൽനിന്ന് 15.11 ലക്ഷം തട്ടിയ സംഘത്തിലെ രണ്ടുപേർകൂടി പിടിയിൽ. കോഴിക്കോട് തിരുവമ്പാടി സ്രാമ്പിക്കൽ വീട്ടിൽ മുഹമ്മദ് ലുക്മാൻ (22), മലപ്പുറം തിരൂരങ്ങാടി എ ആർ നഗറിൽ തെരുവത്ത് വീട്ടിൽ വിഷ്‌ണുജിത്ത് (28) എന്നിവരെയാണ് ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്‌റ്റ് ചെയ്‌തത്. സ്വകാര്യസ്ഥാപന ഗ്രൂപ്പിന്റെ പ്രതിനിധിയായി ആൾമാറാട്ടം നടത്തി ടെലിഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടെയായിരുന്നു തട്ടിപ്പ്. വാങ്ങിയ പണം എടിഎം മുഖേന പിൻവലിച്ചു. കേസിൽ മലപ്പുറം സ്വദേശികളായ അബ്‌ദുൾ സലാം, അബ്‌ദുൾ ജലീൽ എന്നിവരെ നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. 2024 ഡിസംബർമുതൽ ശ്രീനിധി എന്ന ടെലിഗ്രാം അക്കൗണ്ടിൽനിന്ന് സന്ദേശങ്ങളയച്ച് ഷെയർട്രേഡിങ്ങിലൂടെ ലാഭമുണ്ടാക്കാമെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചു. തട്ടിപ്പുകാർ നൽകിയ വ്യാജ വെബ്സൈറ്റിൽ അക്കൗണ്ട് തുറക്കുകയുംചെയ്‌തു. ശേഷം ട്രേഡിങ് നിക്ഷേപം എന്ന പേരിൽ തട്ടിപ്പുകാർ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം വാങ്ങി. വ്യാജ വെബ്സൈറ്റിൽ ലാഭം പ്രദർശിപ്പിച്ച് തട്ടിപ്പ് തുടർന്നു. പണമോ ലാഭമോ പിൻവലിക്കാൻ കഴിയാതെ വന്നപ്പോഴാണ് തട്ടിപ്പ് ബോധ്യമായത്. സൈബർ ക്രൈം സ്‌റ്റേഷനിലും നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിന്റെ ടോൾഫ്രീ നമ്പറിലും പരാതിപ്പെട്ടതോടെ അക്കൗണ്ടുകൾ മരവിപ്പിച്ചു. ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ ഏലിയാസ് പി ജോർജിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്‌ടർ വി എസ് ശരത് ചന്ദ്രൻ, സിവിൽ പൊലീസ് ഓഫീസർമാരായ എസ് ആർ ഗിരീഷ്, കെ റികാസ്, കെ യു ആരതി എന്നിവരടങ്ങുന്ന അന്വേഷകസംഘം കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്.









0 comments