പഠനം ആശുപത്രി വാർഡിലിരുന്ന്‌; 
നേടിയത്‌ സിവിൽ സർവീസ്‌

സിവിൽ സർവീസ്‌

സിവിൽ സർവീസ് പരീക്ഷയിൽ 656–-ാം റാങ്ക് നേടിയ ആലപ്പുഴ പൂങ്കാവ് സ്വദേശി സി ആർ വൈശാഖിന് 
അമ്മ ഗീതമ്മയും അച്ഛൻ രതീഷ് ബാബുവും സ്‌നേഹചുംബനം നൽകുന്നു

avatar
നെബിൻ കെ ആസാദ്‌

Published on Apr 23, 2025, 12:25 AM | 1 min read

ആലപ്പുഴ

ആശുപത്രി വാർഡിലിരുന്ന്‌ പഠിച്ച്‌ സിവിൽ സർവീസ്‌ പരീക്ഷയിൽ മികച്ച നേട്ടമുണ്ടാക്കി പാതിരപ്പള്ളി സ്വദേശി. വള്ളികുന്നം എഫ്‌എച്ച്‌സിയിൽ ഓഫീസ്‌ അറ്റൻഡറായി ജോലിചെയ്യുന്ന പാതിരപ്പള്ളി ചന്നാപറമ്പിൽ വീട്ടിൽ സി ആർ വൈശാഖ്‌ (29) ആണ്‌ ജോലി കഴിഞ്ഞും വീട്ടിൽ പോകാതെ ആശുപത്രി വാർഡിലിരുന്ന്‌, രാത്രി അധികസമയം പഠിച്ച്‌ 656ാം റാങ്ക്‌ നേടിയത്‌. സ്‌കൂൾ കുട്ടികൾക്കായി ക്വിസ്‌ മത്സരങ്ങൾക്കുള്ള സൗജന്യ പരിശീലനം നടത്തുന്നതിനിടയിലാണ്‌ നേട്ടമെന്നത്‌ തിളക്കം കൂട്ടി. 2022 മുതൽ പൂങ്കാവിൽ ‘ലെനോബ്‌’ എന്ന പേരിലാണ്‌ വൈശാഖിന്റെ ക്വിസ്‌ ക്ലബ്‌ പ്രവർത്തിക്കുന്നത്‌. വൈശാഖ്‌ ദേശാഭിമാനി അക്ഷരമുറ്റം സംസ്ഥാനതല വിജയി ആയിരുന്നു. പ്രത്യേക തയ്യാറെടുപ്പുകളൊന്നുമില്ലാതെ 2017 മുതൽ സിവിൽ സർവീസ്‌ പരീക്ഷയെഴുതി. 2019 മുതൽ തിരുവനന്തപുരം സിവിൽ 360 അക്കാദമിയിൽ പരിശീലിച്ചു. 2020ൽ 0.37 മാർക്കിനാണ്‌ പ്രിലിംസ്‌ നഷ്‌ടമായത്‌. അടുത്ത തവണ പ്രിലിംസ്‌ കിട്ടി. പിന്നീട്‌ തിരുവനന്തപുരം ലീഡ്‌സ്‌ അക്കാദമിയിൽ പരിശീലനം നേടി. 2021ൽ പിഎസ്‌സി വഴി വള്ളികുന്നം പിഎച്ച്‌സിയിൽ ഓഫീസ്‌ അറ്റൻഡറായി ജോലി ലഭിച്ചു. വൈകിട്ട്‌ അഞ്ചിന്‌ ജോലി തീരുമെങ്കിലും വീട്ടിലേക്കുള്ള ദൂരം കാരണം പഠനം വൈകുമെന്നായി. ഇതു മറികടക്കാൻ ജോലികഴിഞ്ഞ്‌ വീട്ടിൽ പോകാതെ രാത്രിയിൽ ആശുപത്രി വാർഡിലിരുന്ന്‌ പഠിക്കാൻ തുടങ്ങി. ഇത്തവണ നല്ല റാങ്ക്‌ ലഭിച്ചതോടെ ഐഎഎസ്‌ തന്നെ ലക്ഷ്യമിട്ട്‌ പരിശീലിക്കാനാണ്‌ തീരുമാനം. ബിഎസ്‌സി ഫിസിക്‌സ്‌ ബിരുദധാരിയാണ്‌ വൈശാഖ്‌. ഡ്രൈവറായ അച്ഛൻ രതീഷ്‌ ബാബുവും അമ്മ എ ആർ ഗീതമ്മയും അനിയൻ സി ആർ വിശാഖുമടങ്ങുന്നതാണ്‌ കുടുംബം.



deshabhimani section

Related News

View More
0 comments
Sort by

Home