പോക്‌സോ വെളിപ്പെടുത്തലും കേസും കൂടി
അതിജീവിതർക്ക് പിന്തുണ ഉടനടി ആക്ഷൻ

നെബിൻ കെ ആസാദ്
Published on Apr 24, 2025, 12:29 AM | 1 min read

ആലപ്പുഴ
പൊലീസിലും നിയമത്തിലും വിശ്വാസമർപ്പിപ്പ് അതിജീവിതർ നൽകിയ പാതികളിൽ ഈ വർഷം ജനുവരിമുതൽ മാർച്ചുവരെ മൂന്ന് മാസത്തിനുള്ളിൽ ജില്ലയിൽ രജിസ്‌റ്റർ ചെയ്‌തത് 73 പോക്‌സോ കേസ്. സംസ്ഥാനത്താകെ 1201 കേസാണ് രജിസ്‌റ്റർചെയ്‌തത്. അതിക്രമങ്ങൾ മറച്ചുവയ്‌ക്കാതെ രക്ഷിതാക്കളോടും പൊലീസിനോടും കാര്യങ്ങൾ തുറന്നുപറയുന്നവരുടെയും പരാതി നൽകുന്നവരുടെയും എണ്ണം വർധിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സുശക്തമായ നിയമങ്ങളുണ്ടായിട്ടും കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം വർധിക്കുന്നു. എന്നാൽ പരാതികളിൽ ഉടനടി നടപടിയുണ്ടാകുന്നതും കൃത്യമായ ശിക്ഷ നൽകാൻ നിയമസംവിധാനത്തിന് കഴിയുന്നതും പ്രതീക്ഷയേകുന്നതാണ്. കഴിഞ്ഞവർഷം സംസ്ഥാനത്തുണ്ടായ 4594 പോക്‌സോ കേസിൽ 326 എണ്ണം ആലപ്പുഴയിലാണ്. 2020ൽ 181 കേസായിരുന്നു. ഇത് 2021ൽ 199, 2022ൽ 212, 2023ൽ 257 എന്നിങ്ങനെ വർധിച്ചു. ലൈംഗികാതിക്രമം, ലൈംഗിക പീഡനം, അശ്ലീല ചിത്രങ്ങളെടുക്കൽ, അശ്ലീല ചിത്രങ്ങൾ കാണിക്കൽ എന്നിവയുൾപ്പെടെയാണ് കേസുകൾ. അരികത്തുണ്ട് വിഎൽഒമാർ ലൈംഗികാതിക്രമങ്ങളിൽനിന്ന് കുട്ടികളെ സംരക്ഷിക്കാനാണ് 2012 ജൂൺ 18ന് പാർലമെന്റ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് (പോക്‌സോ) നിയമം പാസാക്കുന്നത്. പലപ്പോഴും പ്രതി ബന്ധുക്കൾ, സുഹൃത്തുക്കൾ, അയൽക്കാർ, പരിചയക്കാർ, മുതലായവരാണ് എന്നതും സമൂഹം പോക്‌സോ ഇരകളെ എങ്ങനെ കാണുമെന്ന ആശങ്കയിലുമാണ് പലരും പരാതിനൽകാൻ തയ്യാറാകാത്തത്. ഒരു കേസ് രജിസ്‌റ്ററായാൽ കുട്ടിക്കായി വനിത പൊലീസ് ഓഫീസറെ ചുമതലപ്പെടുത്തും. വിക്‌ടിം ലൈസണിങ് ഓഫീസർ (വിഎൽഒ) എന്നറിയപ്പെടുന്ന ഓഫീസർ കേസിന്റെ വിചാരണവരെയും സീരിയസ് കേസുകളിൽ അത് കഴിഞ്ഞും സഹായത്തിനുണ്ടാകും.










0 comments