നാടറിഞ്ഞ മുന്നേറ്റം തുടരും

രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി ആലപ്പുഴ പാതിരപ്പള്ളി കാമിലോട്ട് കൺവൻഷൻ സെന്ററിൽ ചേർന്ന ജില്ലാതല യോഗം ഉദ്ഘാടനംചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സദസിനെ അഭിവാദ്യംചെയ്യുന്നു
നെബിൻ കെ ആസാദ്
Published on May 07, 2025, 12:22 AM | 1 min read
ആലപ്പുഴ
‘‘ചകിരിക്കായി തമിഴ്‌നാടിനെ ആശ്രയിക്കേണ്ട അവസ്ഥയ്‌ക്ക് മാറ്റം വരണം, ചകിരി ഉൽപ്പാദനം വർധിപ്പിക്കേണ്ട കാര്യങ്ങൾ പരിശോധിക്കാം... ഗുണമേൻമയുള്ള ഉൽപ്പന്നമുണ്ടാകേണ്ടത് പ്രധാനമാണ്. അതിനുള്ള ശ്രമങ്ങളും നടത്തും. മുമ്പ് നടത്തിയ പഠനത്തിലെ ശുപാർശകൾ ഗൗരവമായെടുക്കും''–- കയർമേഖലയിൽനിന്നുള്ള ചേർത്തല സ്വദേശി വി ആർ പ്രസാദിന്റെ ആശങ്കകൾക്ക് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആകർഷകമായ വിനോദസഞ്ചാരകേന്ദ്രമാണ് ആലപ്പുഴ. വൈവിധ്യമാർന്ന ഭൂപ്രകൃതിയും സാംസ്‌കാരിക പൈതൃകവും രാഷ്‌ട്രീയ ചരിത്രവുമുള്ള നാട്. ആലപ്പുഴയിലെ വിനോദസഞ്ചാരമേഖല ശക്‌തിപ്പെടുത്താൻ തുടർ നടപടികൾ സ്വീകരിക്കും –- മുഖ്യമന്ത്രിപറഞ്ഞു. ഓരോ മേഖലയുടെയും ഭാവിവീക്ഷണവും കാഴ്‌ചപ്പാടും നിറഞ്ഞതായിരുന്നു മറുപടി. മതം, സാമൂഹ്യം, രാഷ്‌ട്രീയം, സാംസ്‌കാരികം, ഉദ്യോഗസ്ഥ, വ്യവസായം തുടങ്ങി 17 മേഖലകളിലെ 500 അതിഥികൾ മുഖ്യമന്ത്രിയുടെ യോഗത്തിനെത്തി. 14 പേർ മുഖ്യമന്ത്രിയോട് നേരിട്ട് സംസാരിച്ചു. ബാക്കിയുള്ളവർ നിർദേശം എഴുതി അറിയിച്ചു. വേമ്പനാട്ട് കായൽ പുനരുജ്ജീവനവും പട്ടികവർഗ വിഭാഗം നേരിടുന്ന പ്രശ്‌നങ്ങളും ഒക്കെ ചർച്ചയായി. എല്ലാവരുടെയും അഭിപ്രായം കേട്ടശേഷം ഒന്നൊഴിയാതെ എല്ലാത്തിനും കൃത്യവും വ്യക്‌തവുമായ മറുപടി. ഒരഭിപ്രായത്തേയും തടഞ്ഞില്ല. പരിഹാര മാർഗങ്ങൾ ഉറപ്പുനൽകി. പ്രകൃതിദുരന്തങ്ങളും മഹാമാരിയും തുടങ്ങി ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും ചേർത്തണച്ച സ്‌നേഹം ഇനിയും തുടരുമെന്ന സന്ദേശം നൽകിയായിരുന്നു മടക്കം. മന്ത്രി പി പ്രസാദ് അധ്യക്ഷനായി. മന്ത്രിമാരായ സജി ചെറിയാൻ, കെ ബി ഗണേഷ്‌കുമാർ, എംഎൽഎമാരായ പി പി ചിത്തരഞ്‌ജൻ, എച്ച് സലാം, ദലീമ, തോമസ് കെ തോമസ്, എം എസ് അരുൺകുമാർ, യു പ്രതിഭ, പ്ലാനിങ് ബോർഡ് വൈസ്ചെയർമാൻ ഡോ. വി കെ രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, കലക്‌ടർ അലക്‌സ് വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.









0 comments