അങ്കമാലിയിൽ ചുഴലിക്കാറ്റിൽ വ്യാപകനാശം

അങ്കമാലി
കറുകുറ്റി, മൂക്കന്നൂർ പഞ്ചായത്തുകളിൽ ചുഴലിക്കാറ്റിൽ മരങ്ങൾ മറിഞ്ഞുവീണ് വീടുകൾക്ക് കേടുപാട്. വൈദ്യുതിത്തൂണുകൾ ഒടിഞ്ഞുവീണ്
ഗതാഗതം തടസ്സപ്പെട്ടു. വ്യാഴം രാവിലെ പത്തോടെയാണ് മിന്നൽചുഴലിക്കാറ്റ് വീശിയത്. രണ്ട് മിനുറ്റുമാത്രം നീണ്ടുനിന്ന കാറ്റിൽ വൻ കൃഷിനാശവുമുണ്ടായി.
ഓണത്തിന് വിളവെടുക്കാവുന്ന ആയിരക്കണക്കിന് വാഴകൾ ഒടിഞ്ഞുവീണു. ജാതി, പ്ലാവ്, തേക്ക് തുടങ്ങിയവയും കടപുഴകി. കറുകുറ്റി എസ്‌ഡി കോൺവന്റിലെ ജാതി, തേക്ക്, വാഴ, പ്ലാവ്, മാവ് തുടങ്ങിയ മരങ്ങൾ നശിച്ചു. പള്ളിയങ്ങാടി സിസിലി പൈനാടത്തിന്റെ വീട്ടിലെ ജാതിമരങ്ങളിലേക്ക് വൈദ്യുതിത്തൂൺ ഒടിഞ്ഞുവീണു. പള്ളിയങ്ങാടി സെന്റ് മേരീസ് കപ്പേളയുടെ ഷീറ്റുകൾ നശിച്ചു. ലില്ലി വിതയത്തിലിന്റെ വീടിന്റെ മുകളിലെ ഷീറ്റുകൾ പറന്നുപോയി. മാർട്ടിൻ പാലാട്ടിയുടെ ജാതി, വാഴ, തേക്ക് എന്നിവ നശിച്ചു.
പള്ളിയങ്ങാടിയിൽ തോമസിന്റെ 1500 വാഴകൾ കാറ്റിൽ നിലംപൊത്തി. ചാലപ്പുറം ക്ഷേത്രത്തിനുമുകളിലേക്ക് മരം വീണു. മനപ്പിള്ളി പുരുഷോത്തമന്റെ വീടിനുമുകളിലേക്ക് ജാതിമരം വീണു. തങ്കപ്പൻ അത്തിക്കാപ്പിള്ളിയുടെ വീടിനുമുകളിലേക്ക് മൂന്ന് ജാതിമരങ്ങൾ വീണു. പൂങ്കുഴി ഐക്കര കൃഷ്‌ണകുമാറിന്റെ വീടിനുമുകളിലേക്ക് പ്ലാവ് വീണു. ചക്യത്ത് സെബാസ്റ്റ്യന്റെ തേക്കുമരങ്ങൾ കാറ്റിൽ നിലംപൊത്തി.









0 comments