മൈൻഡ് സെറ്റാക്കൂ, ലൈഫ് കൂളാക്കൂ
മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ക്യാമ്പയിനുമായി പൊലീസ്

കൊച്ചി
മാനസികാരോഗ്യം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ‘മൈൻഡ് ഫുൾനെസ് വീക്ക്’ ആചരിക്കാൻ കൊച്ചി സിറ്റി പൊലീസ്. ഞായർമുതൽ ലോക മാസികാരോഗ്യദിനമായ 10 വരെയാണ് ആചരിക്കുക. എക്‌സൈസ്, -വിദ്യാഭ്യാസ,- ആരോഗ്യ വകുപ്പുകളുടെയും സാമൂഹ്യ-സേവന സംഘടനകളുടെയും സഹകരണമുണ്ടാകും.
‘ഉദയം’ ലഹരിവിരുദ്ധ പദ്ധതിയുടെ ഭാഗമായാണ് പരിപാടികളെന്ന് സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഫോറം മാളിൽ ഞായർ രാവിലെ 10 മുതൽ പകൽ രണ്ടുവരെ ഇന്റർകൊളേജിയറ്റ് -ഫ്ലാഷ്‌മോബ് മത്സരം നടത്തും. തിങ്കൾ രാവിലെ 9.30ന് എറണാകുളം രാജേന്ദ്രമൈതാനത്തുനിന്ന് ചിൽഡ്രൻസ് പാർക്കിലേക്ക് വാക്കത്തോൺ, രാവിലെ 10ന് ചിൽഡ്രൻസ് പാർക്കിൽ വാരാചരണം ഉദ്‌ഘാടനം, രാവിലെ 10 മുതൽ രണ്ടുവരെ എക്‌സൈസ് എറണാകുളം സോണൽ കോംപ്ലക്‌സ് തിയറ്ററിൽ ബോധവൽക്കരണം എന്നിവയുണ്ടാകും. തിങ്കൾമുതൽ വ്യാഴംവരെ രാത്രി 7.30 മുതൽ ഒന്പതുവരെ ഓൺലൈൻ സെമിനാറുകൾ.
ചൊവ്വാഴ്ചയും വ്യാഴാഴ്ചയും നഗരത്തിൽ തെരുവ് നാടകങ്ങൾ അവതരിപ്പിക്കും. ബുധനാഴ്ച തൃപ്പൂണിത്തുറ അഭിഷേകം കൺവൻഷൻ സെന്ററിൽ രാവിലെ 10 മുതൽ പകൽ ഒന്നുവരെ ‘മൈൻഡ് ക്വസ്‌റ്റ്’ ക്വിസ് മത്സരം. വ്യാഴാഴ്ച രാവിലെ 10 മുതൽ പോസ്‌റ്റർ നിർമാണമത്സരം. വെള്ളി രാവിലെ ഒന്പതിന് എറണാകുളം ജനറൽ ആശുപത്രി കോണ്‍-ഫറൻസ് ഹാളില്‍ ജില്ലാ മാനസികാരോഗ്യ ദിനാഘോഷവും സെമിനാറും നടത്തും.
ശനി രാവിലെ 9.30ന് ഇന്റര്‍സ്‌കൂള്‍ പിടിഎ മത്സരം. ശനി രാവിലെ 9.30-ന് മൈന്‍ഡ് ഫുള്‍നെസ് വാരാചരണത്തിന്റെ സമാപനവും സ്‌പെഷ്യല്‍ സ്‌കൂള്‍ അധ്യാപകര്‍ക്കുള്ള സെമിനാറും ആദരവും ഗിരിനഗര്‍ ഭവന്‍സ് സ്‌കൂളില്‍ നടത്തും.
ഗാഡ്‌ജറ്റ് ഫ്രീ ഫാമിലി അവറും റീൽ മത്സരവും
എല്ലാ ഇലക്‌ട്രോണിക് മാധ്യമങ്ങളും ഒഴിവാക്കി കുടുംബത്തോടൊപ്പം ഒരുമണിക്കൂർ ചെലവഴിക്കാൻ ആഹ്വാനം ചെയ്യും. വെള്ളി രാത്രി എട്ടുമുതൽ ഒമ്പതുവരെയാണ് ‘ഗാഡ്‌ജറ്റ് ഫ്രീ ഫാമിലി അവർ’ ആചരിക്കുക. പ്രചാരണ പരിപാടികൾ സിറ്റി പൊലീസിന്റെ ഫെയ്‌സ്‌ബുക്ക് പേജ് വഴി നടത്തും.
ക്യാമ്പയിനിന്റെ അനുഭവങ്ങൾ വിദ്യാർഥികൾക്ക് സിറ്റി പൊലീസ് ഫെയ്‌സ്‌ബുക്ക് പേജിൽ കമന്റായോ ഉദയം പദ്ധതിയുടെ വാട്‌സാപ് നന്പറിലോ 9497932777 പങ്കുവയ്‌ക്കാം. കുടുംബങ്ങൾക്കായി റീൽസ് മത്സരവും ‘ഒൗവർ ഫാമിലി ടൈം’ സംഘടിപ്പിക്കും. കുടുംബവുമായി ചെലവഴിച്ച നല്ല നിമിഷങ്ങൾ 60 സെക്കൻഡ് ദൈർഘ്യമുള്ള റീലുകളാക്കി ഉദയം പദ്ധതിയുടെ വാട്‌സാപ് നമ്പറിലാണ് അയക്കേണ്ടത്.









0 comments