വെങ്ങോലയിൽ കസേരകളി
മറന്നത് വികസനം

വെങ്ങോല പഞ്ചായത്ത് പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മാലിന്യ സംസ്കരണ കേന്ദ്രം
പെരുമ്പാവൂർ
യുഡിഎഫിലെ അധികാരത്തർക്കവും കസേരകളിയുംമൂലം വെങ്ങോല പഞ്ചായത്തിന്റെ വികസനാവശ്യങ്ങൾ അവഗണിക്കപ്പെട്ട അഞ്ചുവർഷങ്ങളാണ് കടന്നുപോയത്. മൂന്ന് പ്രസിഡന്റുമാരും മൂന്നു വൈസ് പ്രസിഡന്റുമാരും മാറിമാറി വന്നെങ്കിലും ഭരണം മാത്രം ഉണ്ടായില്ല. ഒരോ ആൾ പുതുതായി ചുമതലയേൽക്കുന്പോഴും അയാൾക്കെതിരെ അടുത്ത ഊഴം കാത്തുനിൽക്കുന്നവർ രംഗത്തുവന്നുകൊണ്ടിരുന്നു. ഇവരെല്ലാം മറന്നതാകട്ടെ നാടിന്റെ വികസനവും.
കുടിവെള്ളക്ഷാമവും കാർഷികവൃത്തിക്ക് ആവശ്യമായ വെള്ളമെത്തിക്കാത്തതും ദുരിതമായി ശേഷിക്കുന്നു. നികുതിയിനത്തിൽ ലഭിക്കുന്ന ഫണ്ടുപോലും ഫലപ്രദമായി വിനിയോഗിക്കാനുള്ള പദ്ധതി കൊണ്ടുവരാനായില്ല. സ്വന്തമായി ഭൂമിയും വീടുമില്ലാത്ത ഒട്ടേറെ കുടുംബങ്ങളുടെ അപേക്ഷകൾ പരിഹാരമില്ലാതെ കെട്ടിക്കിടക്കുന്നു. അപകടങ്ങൾ പതിവായ വെങ്ങോല ജങ്ഷൻ വികസനം ഇപ്പോഴും കടലാസിൽ തന്നെ. പഴയ പഞ്ചായത്ത് ഓഫീസിന്റെ സ്ഥാനത്ത് മിനി സിവിൽ സ്റ്റേഷൻ നിർമിക്കണമെന്ന ആവശ്യവും നടപ്പായില്ല. ഇടിഞ്ഞുവീഴാറായ കെട്ടിടത്തിലെ എംസിഎഫിൽ ഹരിതകർമസേനാംഗങ്ങൾ ഭയത്തോടെയാണ് പ്രവർത്തിക്കുന്നത്.
പഞ്ചായത്ത് ഓഫീസിനുസമീപം സ്ഥാപിച്ചിരിക്കുന്ന ടേക് എ ബ്രേക് സ്ഥാപിച്ചതല്ലാതെ അങ്ങോട്ട് തിരിഞ്ഞുനോക്കിയില്ല. വിശ്രമകേന്ദ്രം മലമൂത്രവിസർജന കേന്ദ്രമായിമാറി. ആദ്യ പ്രസിഡന്റ് രാജിവച്ചശേഷം അടുത്തയാൾ അധികാരം ഏറ്റെടുക്കാൻ വൈകിയതോടെ സാമൂഹ്യ പെൻഷൻ ലഭിക്കുന്നതിനുള്ള ഡിജിറ്റൽ സിഗ്‌നേച്ചർ നൽകാത്തതിനാൽ 1500 പേരുടെ പെൻഷൻ തടസ്സപ്പെട്ടു. പഞ്ചായത്ത് റോഡുകളെല്ലാം തകർന്ന് സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലാണ്.









0 comments