അതിഥിത്തൊഴിലാളിയുടെ അപകടമരണം ; ടെമ്പോ ട്രാവലറും ഡ്രൈവറും പൊലീസ് പിടിയിൽ

പിറവം
കാൽനടക്കാരനായ അതിഥിത്തൊഴിലാളിയുടെ മരണത്തിനുകാരണമായ ടെമ്പോ ട്രാവലർ വാഹനവും ഡ്രൈവറും കൂത്താട്ടുകുളം പൊലീസ് പിടിയിൽ. പശ്ചിമബംഗാൾ മൂർഷിദാബാദ് സ്വദേശി മിലൻ മണ്ഡലാണ് (35) ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. വാഹനം ഓടിച്ച പിറവം മംഗലത്ത് പുത്തൻപുരയിൽ സുരേഷിനെ (57) വാഹനത്തിനൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്തു.
ഒക്ടോബർ രണ്ടിന് രാത്രി 7.30 ഓടെ കാക്കൂർ അമ്പലപ്പടിയിലാണ് അപകടമുണ്ടായത്. മിലനെ ഇടിച്ചശേഷം വാഹനം നിർത്താതെപോയി. അവശനായി കിടന്ന മിലനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. മൂന്നിന് വൈകിട്ട് മിലൻ മരിച്ചു. മൃതദേഹം നടപടി പൂർത്തിയാക്കി നാട്ടിലേക്ക് അയച്ചു.
പൊലീസ് അന്വേഷണത്തിൽ റോഡിൽ കിടന്ന വാഹനത്തിന്റെ സൈഡ് വ്യൂ മിറർ ടെമ്പോ ട്രാവലറിന്റേതാണെന്ന് മനസ്സിലാക്കി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നിരവധി വാഹനങ്ങൾ പരിശോധിച്ചു. പിറവം പാഴൂരിൽനിന്നാണ് അപകടമുണ്ടാക്കിയ ട്രാവലർ കണ്ടെത്തിയത്. സ്കൂൾ ആവശ്യങ്ങൾക്കായി കരാറടിസ്ഥാനത്തിൽ ഓടുന്ന തിരുമാറാടി സ്വദേശിയുടെ വാഹനമാണിത്.
വാഹനം ആളെ ഇടിച്ചതായി അറിഞ്ഞിരുന്നില്ലെന്നും പോസ്റ്റിൽ തട്ടി മിറർ പോയതാണെന്ന് കരുതിയെന്നും ഡ്രൈവർ മൊഴി നൽകി. ഡ്രൈവറെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽവിട്ടു. വാഹനം കോടതിയിൽ ഹാജരാക്കും. സ്റ്റേഷൻ ഇൻസ്പെക്ടർ സഞ്ജു ജോസഫിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ഷിബു വർഗീസ്, ബിജു ജോർജ്, തുടങ്ങിയവരാണ് അന്വേഷകസംഘത്തിലുണ്ടായിരുന്നത്.







0 comments