കേരളത്തിന്റെ സ്വന്തം ‘യുപി എക്സ്പ്രസ്’

കൊച്ചി
നല്ലൊരു ജീവിതം നെയ്തെടുക്കാനാണ് വിജേഷ്കുമാർ ചൗഹാനും കുടുംബവും ഉത്തർപ്രദേശിലെ ബനാറസിൽനിന്ന് കേരളത്തിലെത്തിയത്. മകൻ ശിവയെ ഇവിടെയുള്ള സ്കൂളിൽ ചേർത്തപ്പോൾ പ്രതീക്ഷിച്ചത് മിടുക്കനാകാനുള്ള വിദ്യാഭ്യാസം. എന്നാൽ, മികച്ച വിദ്യാഭ്യാസത്തിനൊപ്പം കേരളം നൽകിയ കായികപാഠങ്ങളും സ്വായത്തമാക്കിയപ്പോൾ ശിവയിലെ വേഗക്കാരൻ ഉഷാറായി.
ജില്ലാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 14 വയസ്സിനുതാഴെയുള്ളവരുടെ 100 മീറ്ററിൽ പൊന്നണിഞ്ഞ് ശിവ ചൗഹാൻ ട്രാക്കിലെ അരങ്ങേറ്റം ഗംഭീരമാക്കി. അഞ്ചിൽ പഠിക്കുമ്പോഴാണ് ശിവ കേരളത്തിൽ എത്തിയത്. ജോലി തേടി എത്തിയതാണ് കുടുംബം. ശിവയുടെ ഓട്ടവും ആത്മാർഥതയും ഇഷ്ടപ്പെട്ടാണ് പരിശീലകൻ പി ആർ പുരുഷോത്തമൻ പയ്യനെ തന്റെ സ്ക്വാഡിൽ ചേർത്തത്. ശാന്തസ്വഭാവക്കാരനാണ്. അധ്വാനിക്കാനുള്ള മനസ്സുമുണ്ട്. നല്ല ഭാവിയും– പരിശീലകന്റെ നല്ലവാക്കുകളിലുണ്ട് കൊച്ചുശിവയുടെ മികവ്. സെന്റ് ആൽബർട്സ് സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിയാണ് ശിവ ചൗഹാൻ. കേരളം എങ്ങനുണ്ടെന്ന് ചോദിച്ചാൽ കേരളം കൊള്ളാം എന്നാണ് ശിവയുടെ മറുപടി.









0 comments