ദുർഭരണം തുറന്നുകാട്ടി മൂക്കന്നൂരിൽ കുറ്റവിചാരണ

അങ്കമാലി
മൂക്കന്നൂർ പഞ്ചായത്തിൽ കോൺഗ്രസ് ഭരണത്തിലെ കെടുകാര്യസ്ഥതയും അഞ്ച് വർഷംകൊണ്ട് പദ്ധതി തുക 33 കോടി രൂപ നഷ്ടപ്പെടുത്തിയതും അക്കമിട്ട് നിരത്തി
സിപിഐ എം മൂക്കന്നൂർ ലോക്കൽ കമ്മിറ്റി ആശുപത്രി കവലയിൽ കുറ്റവിചാരണസദസ്സ് സംഘടിപ്പിച്ചു.
ഓഫീസ് പ്രവർത്തനം നിശ്‌ചലമായ പഞ്ചായത്തിൽ 1800 ലധികം അപേക്ഷകളും പരാതികളും കെട്ടിക്കിടക്കുകയാണ്. വീട് പണിയുന്നതിന് പെർമിറ്റിന് അപേക്ഷ നൽകി ആറ് മാസത്തിലധികം കാത്തിരുന്നാലും അനുമതി ലഭിക്കുന്നില്ല. പുതിയ വീടിന് നമ്പർ കിട്ടുന്നില്ല. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ പൊതുമരാമത്ത് പണിനടത്തിയിട്ട് കരാറുകാർക്ക് പണം കൊടുക്കുന്നില്ല.
പഞ്ചായത്തിന് കീഴിലുള്ള സർക്കാർ ആശുപത്രികളുടെ സ്ഥിതി ദയനീയമാണ്. പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ സേവനവും ലാബ് പ്രവർത്തനവുമില്ല. ആയുർവേദ, ഹോമിയോ ആശുപത്രികളുടെ പ്രവർത്തനവും ദയനീയമാണ്.
മൂക്കന്നൂരിലെ മാവേലി സ്‌റ്റോർ നിലച്ചിട്ട് രണ്ടു വർഷം കഴിഞ്ഞു. പകരം കെട്ടിടം തരപ്പെടുത്താൻ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ട് പരിഹാരം ഇല്ല. മൂക്കന്നൂർ സഹകരണ ബാങ്ക് തകർച്ചയിലേക്ക് എത്തിച്ചതും കോൺഗ്രസാണ്. നിക്ഷേപകർക്ക് പണം ലഭിക്കാതെ നെട്ടോട്ടം ഓടുന്നു. കോടികളുടെ തട്ടിപ്പാണ് നടത്തിയത്.
കുറ്റവിചാരണസദസ്സ് സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ കെ ഷിബു ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ എസ് മൈക്കിൾ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം പി വി മോഹനൻ, പി എസ് ബാബു, വി സി കുമാരൻ എന്നിവർ സംസാരിച്ചു.









0 comments