യുഡിഎഫിന്റെ കെടുകാര്യസ്ഥത ; ആമ്പല്ലൂരിലെ അഴിമതി ഭരണത്തിനെതിരെ കുറ്റപത്രം

പിറവം
ആമ്പല്ലൂർ പഞ്ചായത്തിൽ യുഡിഎഫിന്റെ അഴിമതി ഭരണത്തിനും കെടുകാര്യസ്ഥതയ്‌ക്കുമെതിരെ എൽഡിഎഫ് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും കുറ്റപത്രസമർപ്പണവും നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ആർ മുരളീധരൻ ധർണ ഉദ്‌ഘാടനംചെയ്തു. കെ പി ഷാജഹാൻ അധ്യക്ഷനായി.
പഞ്ചായത്തിലെ നന്നാക്കിയ റോഡുകൾ മൂന്നുമാസംകൊണ്ട് തകർന്നു, 24 മണിക്കൂർപോലും ആയുസ്സില്ലാത്ത വഴിവിളക്കുകൾ, തിരദേശ സമാന്തര റോഡിലേക്ക് അഞ്ച് വർഷമായി ഒന്നും ചെയ്തില്ല, മില്ലുങ്കൽ ടൂറിസം പദ്ധതി നിലച്ചു, അമ്പഴവേലി തോട് നവീകരണം നടപ്പാക്കിയില്ല, കീച്ചേരി ആശുപത്രിയുടെ വികസനം നടന്നില്ല തുടങ്ങിയവയാണ് കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നത്. ടി കെ മോഹനൻ, കെ ജി രഞ്ജിത്, അമൽ മാത്യു, ശൈലേഷ് കുമാർ, ബൈജു ചാക്കോ, ശശി പാലോത്ത്, മുഹമ്മദ് ഹാഫിൽ കലൂപറമ്പിൽ, സുമയ്യ ഹസൻ എന്നിവർ സംസാരിച്ചു.









0 comments