മാഞ്ചസ്റ്റർ ടു കോതമംഗലം: ഒരു സ്നേഹയാത്ര

കോതമംഗലം
മനുഷ്യസ്നേഹത്തിന്റെ സന്ദേശവുമായി ഇരുപതിനായിരത്തിൽപ്പരം കിലോമീറ്ററുകളും ഇരുപതോളം രാജ്യങ്ങളും കാറിൽ താണ്ടി കോതമംഗലത്ത് നാലു യുവാക്കൾ എത്തി. ഏപ്രിൽ 14ന് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽനിന്ന് ആരംഭിച്ച് രണ്ടുമാസത്തിനുശേഷമാണ് കേരളത്തിലെത്തിയത്. യുകെയിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന പുതുവേലി പെരുനിലത്തിൽ ബിജു പി മാണി, കരിങ്കുന്നം വടക്കേക്കര ഷോയി ചെറിയാൻ, കോട്ടയം സംക്രാന്തി കൊസ്സപ്പള്ളിൽ സാബു ചാക്കോ, എരുമേലി നാകത്തുംകല്ല് റെജി ജോസഫ് എന്നി മലയാളി യുവാക്കളാണ് വോൾവോ എക്സ് സി 60 കാറിലുള്ള യാത്രയിൽ പങ്കെടുക്കുന്നത്.
യുകെയിൽനിന്ന് കാർ ജലമാർഗം ഫ്രാൻസിൽ എത്തിച്ചശേഷമാണ് കേരളംവരെ യാത്ര തുടർന്നത്. നിരവധി പ്രതിസന്ധിഘട്ടങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നെങ്കിലും വിജയകരമായാണ് കേരളംവരെ യാത്ര പൂർത്തിയാക്കിയത്. മാഞ്ചസ്റ്ററിലെ ക്രിസ്റ്റി ക്യാൻസർ ആശുപത്രിക്കുവേണ്ടി ജീവകാരുണ്യഫണ്ട് സ്വരൂപിക്കുന്നതിനും ഒപ്പം ഒരു അവധിക്കാല യാത്രയുമാണ് യാത്രകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംഘം പറഞ്ഞു. ഇവർ രണ്ടാഴ്ചയ്‌ക്കുശേഷം കാറിൽ മാഞ്ചസ്റ്ററിലേക്ക് തിരിച്ചുപോകും.









0 comments