സീപോർട്ട്– എയർപോർട്ട് റോഡിൽ ട്രാൻസ്‌ഫോർമർ വീണു

കാക്കനാട്
കാക്കനാട് സീപോർട്ട്–എയർപോർട്ട് റോഡിൽ ഓടിക്കൊണ്ടിരുന്ന ട്രെയ്‌ലറിൽനിന്ന് കൂറ്റൻ ട്രാൻസ്ഫോർമർ മറിഞ്ഞുവീണു. ബ്രഹ്മപുരം സബ് സ്‌റ്റേഷനിൽനിന്ന് അറ്റകുറ്റപ്പണിക്കായി കളമശേരിയിലേക്ക് കൊണ്ടുപോകുകയായിരുന്ന 49 ടണ്ണുള്ള ട്രാൻസ്ഫോർമർ, ട്രെയ്‌ലറിലെ കെട്ടുപൊട്ടി റോഡിലേക്ക് വീഴുകയായിരുന്നു. തിങ്കൾ പകൽ മൂന്നിനായിരുന്നു സംഭവം. ട്രാൻസ്‌ഫോർമർ ട്രെയ്‌ലറുമായി ഘടിപ്പിച്ചിരുന്ന ഇരുമ്പുകൊളുത്തുകൾ ഒടിഞ്ഞതാണ് അപകടത്തിനിടയാക്കിയത്.
ഇൻഫോപാർക്ക് എക്‌സ്‌പ്രസ് ഹൈവേയിൽനിന്ന് സീപോർട്ട്–എയർപോർട്ട് റോഡിലേക്ക് പ്രവേശിച്ച ഉടനെ ട്രെയ്‌ലറിലെ മൂന്ന് ഇരുമ്പുകൊളുത്ത് ഒടിഞ്ഞ് ട്രാൻസ്ഫോർമർ നിലംപൊത്തി. സീപോർട്ട് റോഡിലേക്കുള്ള പ്രവേശനകവാടത്തിൽനിന്ന് വളയുന്ന വഴിയിൽ ഇരുഭാഗത്തെയും വാഹനങ്ങൾ ട്രെയ്‌ലർ ജീവനക്കാർ തടഞ്ഞുനിർത്തിയിരുന്നതിനാൽ വൻ അപകടം ഒഴിവായി. കൂറ്റൻ ക്രെയിനുകൾ എത്തിച്ച് രണ്ടരമണിക്കൂർ എടുത്താണ് ട്രാൻസ്‌ഫോർമർ ഉയർത്തി പകരമെത്തിച്ച ട്രെയ്‌ലറിലേക്ക് മാറ്റിയത്. അപകടത്തെ തുടർന്ന് പ്രദേശത്തുണ്ടായ ഗതാഗതം സാധാരണ നിലയിലാകാൻ പിന്നെയും മണിക്കൂറെടുത്തു. പൊലീസ്, അഗ്നി രക്ഷാസേന, കെഎസ്ഇബി, മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.








0 comments