ആലങ്ങാട്, കരുമാല്ലൂർ പഞ്ചായത്തുകളിൽ മോഷണം പതിവായി

ആലങ്ങാട്
കരുമാല്ലൂർ, ആലങ്ങാട് പഞ്ചായത്തുകളിൽ മൂന്നിടത്ത് മോഷണം. നീറിക്കോട് ഭാഗത്തെ റേഷൻകടയിലും സമീപത്തെ വീട്ടിലും മനയ്ക്കപ്പടി ഭാഗത്തെ കൃഷിയിടങ്ങളിലുമാണ് മോഷണം നടന്നത്. നീറിക്കോട് ബാബുവിന്റെ ഉടമസ്ഥതയിലുള്ള റേഷൻകടയിലെ 102 ലിറ്റർ മണ്ണെണ്ണ നഷ്ടപ്പെട്ടു. കടയുടെ വരാന്തയിൽ സൂക്ഷിച്ചിരുന്ന വീപ്പയിൽനിന്നാണ് മണ്ണെണ്ണ മോഷ്ടിച്ചത്. തൊട്ടടുത്തുതന്നെയുള്ള ധനേഷ് സത്യന്റെ വീട്ടിൽനിന്ന് 3000 രൂപ വിലവരുന്ന മീറ്റർ ബോക്സ് നഷ്ടപ്പെട്ടു.
മനയ്ക്കപ്പടി ഭാഗത്തെ കൃഷിയിടങ്ങളില്‍ സൂക്ഷിച്ചിരുന്ന രണ്ട് മോട്ടോറുകളും മോഷണംപോയിട്ടുണ്ട്. ഒരുമാസത്തിനിടെ ഏഴ് മോട്ടോറുകൾ മാത്രം
ഈ ഭാഗത്ത് മോഷ്ടിക്കപ്പെട്ടു. ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ഒരുവർഷത്തിനിടെ നാൽപ്പതോളം മോഷണങ്ങളാണ് നടന്നത്. ആക്രി പെറുക്കുന്ന നാടോടിസംഘങ്ങളും പലയിടത്തും വ്യാപകമായി മോഷണം നടത്തുന്നുണ്ട്. പൊലീസ് പട്രോളിങ് ഊർജിതമാക്കണമെന്ന് ആവശ്യം ശക്തമാണ്.









0 comments