ആലുവയിൽ വീട്ടിൽനിന്ന് ഏഴുപവൻ കവർന്നു

ആലുവ
തോട്ടക്കാട്ടുകരയിലെ വീട്ടിൽനിന്ന് ഏഴ് പവൻ കവർന്നു. മൂന്നുവീടുകളിൽ മോഷണശ്രമവും നടത്തി. ഓൾഡ് ദേശം റോഡിൽ സൂരജ് ഭവനിൽ സുജിത്തിന്റെ വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച സ്വർണമാണ് കവർന്നത്. ഇതോടൊപ്പം ഉണ്ടായ മുക്കുപണ്ടം എടുത്ത മോഷ്ടാവ് അവ അടുക്കളയിൽ ഉപേക്ഷിച്ചു.
വീടിന്റെ മുൻ വാതിലിനോടുചേർന്ന് തുറന്നുകിടന്ന ജനലിലൂടെ സൈക്കിൾപമ്പ് ഉപയോഗിച്ച് വാതിലിന്റെ കുറ്റി തുറക്കുകയായിരുന്നു. മോഷ്ടാവിന്റെ സിസിടിവി ദൃശ്യം ലഭിച്ചു. വെള്ളി പുലർച്ചെ 3.30 ആണ് കാമറയിലെ സമയം. ജിസിഡിഎ റോഡിൽ ഡോ. സുഭാഷ്, ശ്രീപാദത്തിൽ പത്മകുമാരി, സോപാനത്തിൽ സുലോചന എന്നിവരുടെ വീടുകളിലായിരുന്നു മോഷണശ്രമം. പുലർച്ചെ ഒന്നിന് വീടിന്റെ പിൻവാതിലിൽ ആയുധം ഉപയോഗിച്ച് തട്ടുന്ന ശബ്ദം കേട്ട് ഉണർന്ന ഡോ. സുഭാഷ്, ലൈറ്റ് ഇട്ടതോടെ രണ്ടുപേർ സമീപത്തെ പറമ്പിലേക്ക് ഓടിമറയുന്നതായി കണ്ടു. ഇതോടെ സുഭാഷ് എസ്‌പി ക്യാമ്പ് ഓഫീസിലെത്തി അറിയിച്ചു. പൊലീസ് സ്ഥലത്ത് പരിശോധിച്ചെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായില്ല.
മോഷണശ്രമമുണ്ടായ വീട്ടിൽനിന്ന് കവർച്ചസംഘം ഉപയോഗിച്ച കമ്പിപ്പാരയും കണ്ടെടുത്തു. റൂറൽ എസ്‌പി എം ഹേമലത, ഡിവൈഎസ്‌പി ടി ആർ രാജേഷ്, ഇൻസ്‌പെക്ടർ ജി പി മനുരാജ് എന്നിവരും വിരലടയാള വിദഗ്‌ധരും ഡോഗ് സ്‌ക്വാഡും തെളിവെടുത്തു. രണ്ടാഴ്ചയ്‌ക്കിടെ ഈ ഭാഗത്ത് നടക്കുന്ന അഞ്ചാമത്തെ കവർച്ചയാണ്.









0 comments