ഒരുങ്ങി ‘എഴുത്തിന്റെ കടുങ്ങല്ലൂർ പെരുമ'

സേതു, ഗ്രേസി, സുഭാഷ്ചന്ദ്രൻ എന്നിവരെക്കുറിച്ച് തയ്യാറാക്കിയ "എഴുത്തിന്റെ കടുങ്ങല്ലൂർ പെരുമ' ഹ്രസ്വചിത്രത്തിന്റെ പ്രദർശനം മന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്യുന്നു
ആലുവ
എഴുത്തുകാർ എല്ലാ കാലത്തും എല്ലാവർക്കുമുള്ളതാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കടുങ്ങല്ലൂരിൽനിന്ന് കേന്ദ്ര-, കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ സേതു, ഗ്രേസി, സുഭാഷ്ചന്ദ്രൻ എന്നിവരെക്കുറിച്ച് തയ്യാറാക്കിയ "എഴുത്തിന്റെ കടുങ്ങല്ലൂർ പെരുമ' ഹ്രസ്വചിത്രത്തിന്റെ പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
എഴുത്തിന്റെ പെരുമയുള്ള സേതു, എം ലീലാവതി, സുഭാഷ്ചന്ദ്രൻ, ഗ്രേസി, പ്രൊഫ. എം തോമസ് മാത്യു എന്നിവർ നിറഞ്ഞുനിൽക്കുന്ന മണ്ഡലമാണ് കളമശേരി. സേതുവിന്റെ പേരിൽ പുസ്തക കോർണർ ഒരുക്കി. മറ്റുള്ളവരുടെ പേരിൽ വിവിധ ഗ്രന്ഥശാലകളിൽ പ്രത്യേക പുസ്തക കോർണർ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
എഴുത്തുകാരി ഗ്രേസിക്ക് സ്നേഹ കലാസാഹിത്യസംഘം ഏർപ്പെടുത്തിയ പണ്ഡിറ്റ് ടി പി ബാലകൃഷ്ണൻനായർ സാഹിത്യപുരസ്കാരം മന്ത്രി സമ്മാനിച്ചു. കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ അധ്യക്ഷനായി. ഹ്രസ്വചിത്രത്തിന്റെ സംവിധായകൻ ജയൻ മാലിലിനെ ആദരിച്ചു. ജില്ലാപഞ്ചായത്ത് അംഗം കെ വി രവീന്ദ്രൻ, പി എ അബൂബക്കർ, ആർ രാജലക്ഷ്മി, ഓമന ശിവശങ്കരൻ, ഷീന ജോസഫ് എന്നിവർ സംസാരിച്ചു.









0 comments