അഗ്നിരക്ഷാസേനാ മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ
താരയെ "താരമാക്കി'യത് മനോധൈര്യം

വി ദിലീപ്‌കുമാർ
Published on Mar 27, 2025, 02:11 AM | 1 min read
പറവൂർ
സാമൂഹ്യസേവനരംഗത്ത് ഇടപെടാനുള്ള താൽപ്പര്യവും മനോധൈര്യവുമാണ് വരാപ്പുഴ സ്വദേശി താരയെ അഗ്നിരക്ഷാസേനയുടെ സിവിൽ ഡിഫൻസ് വളന്റിയറാകാൻ പ്രേരിപ്പിച്ചത്. ആ ധൈര്യത്തിനാകട്ടെ അർഹമായ അംഗീകാരവും ലഭിച്ചു. ഒളനാട് പാലക്കപ്പറമ്പിൽ താര രഞ്ജുവിനാണ് (36) ജില്ലയിൽനിന്ന് അഗ്നിരക്ഷാസേനാ മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്കാരനേട്ടം തേടിയെത്തിയത്.
""സ്കൂൾകാലംമുതലേ എൻസിസിയിൽ സജീവമായിരുന്നു. അച്ഛൻ രവിയും അമ്മ ശശികലയും സാമൂഹ്യപ്രവർത്തനത്തിൽ സജീവമായിരുന്നതും പ്രേരണയായി. 2018ലെ പ്രളയദിനങ്ങളിൽ ആലുവ, ആലങ്ങാട്, കൊങ്ങോർപ്പിള്ളി മേഖലകളിൽ സജീവമായിരുന്നു. ഇതിനുശേഷമാണ് പറവൂർ അഗ്നിരക്ഷാസേനയുടെ സിവിൽ ഡിഫൻസ് വളന്റിയറായി ചേർന്നത്. വയനാട് ദുരന്തത്തിൽ ദിവസങ്ങളോളം പങ്കെടുക്കാനായത് വലിയ അനുഭവം സമ്മാനിച്ചു''– താര പറഞ്ഞു.
ചെറുതും വലുതുമായ ഒട്ടേറെ ജീവൻരക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കാനായിട്ടുണ്ട്. അഗ്നിരക്ഷാസേനയുടെ സംസ്ഥാന കായിക മത്സരങ്ങളിൽ 1500, 100 മീറ്റർ ലോങ്ജമ്പിൽ രണ്ടുവട്ടം സ്വർണമെഡൽ നേടി. മഹാരാജാസ് കോളേജിലെ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ മനഃശാസ്ത്ര വിദ്യാർഥിയാണ്. വിജിൻലാലാണ് ഭർത്താവ്. അനോഖി ശിവനേത്ര ഏക മകളാണ്.









0 comments