‘ടോക് ടു മമ്മൂക്ക' പരാതി സ്വീകരിക്കൽ തുടങ്ങി

‘ടോക് ടു മമ്മൂക്ക'യ്ക്ക് ആഭ്യന്തരവകുപ്പിന്റെ പിന്തുണ അറിയിച്ച് ഡിജിപി രവാഡ ചന്ദ്രശേഖർ പദ്ധതിയുടെ നയരേഖ കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, രാജഗിരി ആശുപത്രി സിഇഒ ഫാ. ജോൺസൺ വാഴപ്പിള്ളി എന്നിവരിൽനിന്ന് ഏറ്റുവാങ്ങുന്നു
ആലുവ
ലഹരിമരുന്ന് ഉപയോഗത്തെയും കച്ചവടത്തെയും കുറിച്ചുള്ള വിവരങ്ങൾ ഫോണിലൂടെ കൈമാറാനായി മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആരംഭിച്ച ‘ടോക് ടു മമ്മൂക്ക' ആഭ്യന്തരവകുപ്പിന്റെ പിന്തുണയോടെ പുതിയ ഘട്ടത്തിലേക്ക്.
‘ടോക് ടു മമ്മൂക്ക'യിലേക്ക് ലഭിക്കുന്ന വിവരങ്ങളും പരാതികളും സ്വീകരിക്കാൻ പൊലീസിന് നിർദേശം നല്കി സർക്കാർ ഉത്തരവായതിനുപിന്നാലെ കൊച്ചിയിൽ നടന്ന ചടങ്ങിൽ ഡിജിപി രവാഡ ചന്ദ്രശേഖർ കോഴിക്കോട് നടുവണ്ണൂരിൽനിന്നുള്ള പരാതി സ്വീകരിച്ച് തത്സമയ പരാതിപരിഹാരത്തിന് തുടക്കമിട്ടു. ചികിത്സയ്ക്കുശേഷം ചെന്നൈയിൽ വിശ്രമിക്കുന്ന മമ്മൂട്ടി ഫോണിലൂടെ ചടങ്ങിന്റെ ഭാഗമായി. മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണലാണ് ‘ടോക് ടു മമ്മൂക്ക'യ്ക്ക് മേൽനോട്ടം വഹിക്കുന്നത്. ലഹരിയുടെ പിടിയിലായവർക്ക് ആവശ്യമായ കൗൺസലിങ് ആലുവ രാജഗിരി ആശുപത്രി ക്ലിനിക്കൽ സൈക്കോളജി വിഭാഗം സൗജന്യമായി നൽകും.
ടോക് ടു മമ്മൂക്കയിലേക്ക് ലഭിക്കുന്ന പരാതികൾ ആന്റി നാർകോട്ടിക് കൺട്രോൾ റൂമിലും എഡിജിപിയുടെ ഓഫീസുമാണ് സ്വീകരിക്കുക. 62388 77369 നമ്പരിൽ ലഹരിമരുന്നുപയോഗത്തെയും കച്ചവടത്തെയും കുറിച്ചുള്ള വിവരങ്ങൾ അറിയിക്കാം. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ വിവരം പൊലീസിനും എക്സൈസിനും കൈമാറും. പരാതിപരിഹാര ചടങ്ങിൽ രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ സിഇഒ ഫാ. ജോൺസൺ വാഴപ്പിള്ളി, കൊച്ചി സൗത്ത് എസിപി പി രാജ്കുമാർ, കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, റോബർട്ട് കുര്യാക്കോസ്, ജോസ് പോൾ, വിനോദ് തോമസ് എന്നിവർ സംസാരിച്ചു.









0 comments