പാലക്കാടുനിന്ന്‌ ഏലൂരിലെത്തിയിട്ട്‌ 30 വർഷം

മദ്ദളത്തിലെ സുകുമാരൻ ടച്ച്‌

sukumaran maddalam repairing
avatar
കെ പി വേണു

Published on Nov 12, 2025, 02:45 AM | 1 min read


​കളമശേരി

വാദ്യഗ്രാമം എന്നറിയപ്പെടുന്ന പാലക്കാട്ടെ പെരുവെന്പിൽനിന്നാണ്‌ മരുതേപ്പറമ്പ് വീട്ടിൽ സുകുമാരൻ ഏലൂരിൽ മദ്ദളം പണിക്കാരനായി എത്തിയത്‌. മദ്ദളാചാര്യൻ കലാമണ്ഡലം ശങ്കരൻകുട്ടി വാര്യരുമായുള്ള അടുപ്പത്തിൽ ഏലൂരിൽ എത്തിയിട്ട്‌ 30 വർഷം പിന്നിടുന്നു. പാരന്പര്യമായി മദ്ദളം പണിക്കാരായ കുടുംബത്തിൽ സുകുമാരന്റെ രണ്ട് സഹോദരന്മാരും ഇതേവഴിയിലാണ്‌. സുരേന്ദ്രൻ വൈക്കത്തും സുദേവൻ തൃപ്പൂണിത്തുറയിലും. പുതിയ മദ്ദളം നിർമിച്ചും പഴയതിന്റെ അറ്റകുറ്റപ്പണി നടത്തിയും സജീവമാണ്‌ മൂവരും.


​ശ്രുതിയൊത്ത മദ്ദളത്തിന്റെ പിറവി വലിയൊരു പ്രക്രിയയാണ്‌. കണക്കുകളും തഴക്കവും യോജിച്ചാൽ മാത്രം മിനുക്കിയെടുക്കാവുന്ന ഒന്ന്‌. വലിയ അധ്വാനവും വൈദഗ്‌ധ്യവും ആവശ്യം. പ്ലാവിന്റെ കാതൽകൊണ്ടുള്ള മദ്ദളക്കുറ്റിക്കുള്ള മരം ഒരുക്കലും, പോത്തിന്റെ തൊലി ചീകി മിനുക്കി ഉണക്കിയെടുത്ത വാറും (നാട) കവുങ്ങിൻ പട്ടകത്തിച്ച കരിയും ചോറും ചേർത്ത് അരച്ച പശ വലന്തലയിൽ തേച്ചുപിടിപ്പിക്കുന്ന ചോറിടലും... അങ്ങനെ പലഘട്ടങ്ങൾ.


​വാറ് മുറുക്കലാണ്‌ വലിയ അധ്വാനമുള്ള ജോലി. തറയിലിരിക്കുന്ന മദ്ദളം പണിക്കാരൻ മുണ്ടിന്റെ വലിപ്പമുള്ള കച്ച അരയിൽ ചുറ്റിക്കെട്ടിയശേഷം കമ്പി ഉപയോഗിച്ച് വാറിൽ കോർത്ത് രണ്ട് കാലുകൊണ്ടും മദ്ദളത്തെ ചവിട്ടിത്തിക്കിയാണ് വാറ് മുറുക്കുന്നത്. തുകൽവാറിന് പകരം ക്രെയിനിലും മറ്റുമുപയോഗിക്കുന്നതരം കൃത്രിമ നാട ഉപയോഗിക്കാൻ തുടങ്ങിയത് തന്റെ പരിഷ്‌കാരമാണെന്നാണ്‌ സുകുമാരൻ അവകാശപ്പെടുന്നത്‌.


​​കേളി, പഞ്ചവാദ്യം, കഥകളി, കൃഷ്‌ണനാട്ടം തുടങ്ങിയവയ്‌ക്ക്‌ ഒഴിച്ചുകൂടാൻപറ്റാത്ത ഉപകരണമാണ് മദ്ദളം. നിലവിൽ 20,000 രൂപയിലേറെയാണ് പുതിയ മദ്ദളത്തിന് വില. കുറ്റിയിൽ തുകൽ ഇട്ട് നൽകുന്നതിന് 15,000 രൂപയും. മദ്ദളപ്പണിക്കാരായി അധികംപേരില്ലാത്തതിനാൽ ദിവസവും തൊഴിലുണ്ട്‌. മൃദംഗം, തബല, ചെണ്ട എന്നിവയുടെ അറ്റകുറ്റപ്പണിയും സുകുമാരൻ ചെയ്യുന്നുണ്ട്. എന്നാൽ, കഠിനമായ ശാരീരികാധ്വാനവും കുറഞ്ഞ വരുമാനവും കാരണം പുതിയ തലമുറ തൊഴിലിലേക്ക് ആകർഷിക്കപ്പെടുന്നില്ല എന്നതാണ്‌ സുകുമാരന്റെ സങ്കടം.



deshabhimani section

Related News

View More
0 comments
Sort by

Home