എസ്‌ഐആർ നിർത്തിവയ്‌ക്കണം; ജീവനക്കാരുടെ പ്രതിഷേധമിരന്പി

കൊച്ചി
വോട്ടർപ്പട്ടിക തീവ്രപുനഃപരിശോധനാ ചുമതലയുണ്ടായിരുന്ന ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ജോലിസമ്മർദത്തെ തുടർന്ന് ജീവനൊടുക്കിയ സംഭവത്തിൽ സർക്കാർ ജീവനക്കാർ ജോലി ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചു. ആക്‌ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് ഗവ. എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെയും അധ്യാപക–സർവീസ് സംഘടന സമരസമിതിയുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചിലും യോഗത്തിലും നൂറിലധികം ബിഎൽഒമാർ പങ്കെടുത്തു. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി ഡി ബിനിൽ ഉദ്‌ഘാടനം ചെയ്‌തു. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി എ അനീഷ് അധ്യക്ഷനായി. ജീവനക്കാരെ സമ്മർദത്തിലാക്കുന്നത് അവസാനിപ്പിക്കണമെന്നും വോട്ടർപ്പട്ടിക തീവ്രപുനഃപരിശോധന നടപടികൾ അടിയന്തരമായി നിർത്തിവയ്ക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ കെ സുനിൽകുമാർ, ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ബിന്ദു രാജൻ, കെഎസ്‌ടിഎ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഏലിയാസ് മാത്യു, ആക്‌ഷൻ കൗൺസിൽ ജില്ലാ കൺവീനർ ഡി പി ദിപിൻ, എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് ഡാൽമിയ തങ്കപ്പൻ, ആക്‌ഷൻ കൗൺസിൽ സമരസമിതി ജില്ലാ ചെയർമാൻ ഡോ. സി അജിത്, എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ എ അൻവർ, കെ എസ് ഷാനിൽ, ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ഹുസൈൻ പുതുവന എന്നിവർ സംസാരിച്ചു.










0 comments