പാട്ടിന്റെ പൂക്കാലമൊരുക്കിയ കെ ജയകുമാറിനെ ആദരിച്ചു

എം കെ അർജുനൻ മാസ്റ്റർ ഫൗണ്ടേഷൻ എറണാകുളം ഫൈൻ ആർട്സ് ഹാളിൽ സംഘടിപ്പിച്ച കെ ജയകുമാറിന്റെ പാട്ടെഴുത്തിന്റെ അമ്പതാണ്ട് "ജയശ്രുതി' മേയർ എം അനിൽകുമാർ ഉദ്‌ഘാടനം ചെയ്യുന്നു
കൊച്ചി
സംഗീതലോകത്ത് ഗാനങ്ങൾകൊണ്ട് പൂക്കാലം സൃഷ്‌ടിച്ച ഗാനരചയിതാവ് കെ ജയകുമാറിന്റെ ഗാനരചനയുടെ 50–-ാംവാർഷികാഘോഷവും ആദരിക്കൽ ചടങ്ങും കൊച്ചിയിൽ നടന്നു. എം കെ അർജുനൻ മാസ്‌റ്റർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ എറണാകുളം ഫൈൻ ആർട്സ് ഹാളിൽ നടന്ന ജയശ്രുതി എന്ന പരിപാടി മേയർ എം അനിൽകുമാർ ഉദ്‌ഘാടനം ചെയ്‌തു. കെ ജയകുമാറിന് കൊച്ചിയുടെ ആദരം മേയർ ചടങ്ങിൽ കൈമാറി.
നൂറ്റിപ്പത്തിലധികം ചലച്ചിത്രങ്ങളിൽ പങ്കാളിയായ ജയകുമാറിനെ അദ്ദേഹത്തിന്റെ ഗാനങ്ങൾ കോർത്തിണക്കിയ ആലാപനവും നൃത്താവിഷ്‌കാരങ്ങളും ഇടകലർന്ന വേദിയിൽ ആദരിക്കുന്നത് കാണാൻ സാംസ്‌കാരിക രാഷ്‌ട്രീയരംഗത്തെ നിരവധി പ്രമുഖർ എത്തി. ജയകുമാറിന്റെ പ്രശസ്‌തഗാനം ‘കുടജാദ്രിയിൽ കുടികൊള്ളും...’ പാടി ചടങ്ങ് ആരംഭിച്ചു. ടി ജെ വിനോദ് എംഎൽഎ, ഡോ. എ വി അനൂപ്, ഗോകുലം ഗോപാലൻ, സംഗീതസംവിധായകരായ വിദ്യാധരൻ, ജെറി അമൽദേവ്, ബിജിബാൽ, ടി എസ് രാധാകൃഷ്‌ണൻ, നടന്മാരായ ദേവൻ, ജയരാജ് വാര്യർ, സാജൻ പള്ളുരുത്തി, കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷൻ വി എ ശ്രീജിത്, ചാവറ കൾച്ചറൽ സെന്റർ ഡയറക്‌ടർ ഫാ. അനിൽ ഫിലിപ്പ്, ഡോ. സി എം രാധാകൃഷ്‌ണൻ തുടങ്ങിയവർ ആശംസ നേർന്നു. കെ ജയകുമാർ നന്ദി പറഞ്ഞു.
ജയകുമാറിന്റെ ഭാര്യ മീര ജയകുമാറും പങ്കെടുത്തു. വിജേഷ് ഗോപാൽ, ലതിക, ചിത്ര അരുൺ, അഫ്‌സൽ, സുദീപ് കുമാർ, ഡോ. രശ്‌മി തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.









0 comments