വർധിപ്പിച്ച പെൻഷൻ കെെകളിൽ; വിരിഞ്ഞു പുഞ്ചിരി
ഒറ്റയ്‌ക്കല്ല മേരി, സർക്കാർ ഒപ്പമുണ്ട്

കൊച്ചി
‘‘ഇത് നോക്കിയിരിക്കുകയായിരുന്നു’’ ആലങ്ങാട് മൈത്രി മുണ്ടേക്കര റോഡ് പൊള്ളയിൽ വീട്ടിൽ മേരി തോമസിന്റെ മുഖത്ത് ആഹ്ലാദപ്പൂത്തിരി. സംസ്ഥാന സർക്കാരിന്റെ ക്ഷേമപെൻഷൻ ആലങ്ങാട് സഹകരണ ബാങ്ക് കലക്‌ഷൻ ഏജന്റിന്റെ കൈയിൽനിന്ന് എണ്ണി വാങ്ങുന്പോൾ എഴുപത്തേഴുകാരി മേരിയുടെ മനസ്സിൽ നൂറു കാര്യങ്ങളാണ്.
പത്ത് ദിവസത്തേക്ക് പ്രഷറിന്റെ ഗുളിക വാങ്ങാൻ നൂറിലധികം രൂപ വേണം. അൽപ്പം പ്രമേഹവുമുണ്ടെങ്കിലും പെൻഷൻ പണംകൊണ്ട് കുറച്ച് മധുരം വാങ്ങണം. നമ്മളൊക്കെ എത്ര നാളത്തേക്ക് ജീവിക്കുമെന്ന് പറയാനാകില്ലല്ലോ–മേരി പറയുന്നു. ഒറ്റയ്‌ക്ക് താമസിക്കുന്ന മേരിയുടെ ഏക വരുമാനം സംസ്ഥാന സർക്കാരിന്റെ ക്ഷേമപെൻഷനാണ്.
മേരിക്ക് മക്കളില്ല. ഭർത്താവ് തോമസ് മൂന്നു വർഷംമുന്പ് മരിച്ചു. പെൻഷൻ തുക രണ്ടായിരമാക്കിയ എൽഡിഎഫ് സർക്കാരിന്റെ കരുതലിനാണ് മേരി ആദ്യം നന്ദി പറഞ്ഞത്. പെൻഷൻ മുടങ്ങിയ യുഡിഎഫ് ഭരണകാലവും മേരിയുടെ ഓർമയിലുണ്ട്. എന്നാൽ, പറഞ്ഞ വാക്ക് പാലിക്കുന്ന എൽഡിഎഫ് സർക്കാർ ഒപ്പമുണ്ടെന്നത് ഒറ്റയ്‌ക്ക് ജീവിക്കുന്ന തന്നെപ്പോലുള്ളവർക്ക് ഏറെ ആശ്വാസകരമാണെന്നും മേരി പറഞ്ഞു.









0 comments