കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
15 ലക്ഷം രൂപയുടെ വിദേശ സിഗരറ്റും തുര്‍ക്കി ജാമും പിടിച്ചു

നെടുമ്പാശേരി
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളംവഴി അനധികൃതമായി കടത്താൻ ശ്രമിച്ച 15 ലക്ഷത്തിലധികം രൂപ വിലവരുന്ന വിദേശനിർമിത സിഗരറ്റുകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ പിടികൂടി. വിദേശത്തുനിന്ന് എത്തിയ അബ്ദുൽ സലാം, സമീന, മുഹമ്മദ് ഇക്ബാൽ, മുഹമ്മദ് ഇസ്മയിൽ എന്നീ നാലു യാത്രക്കാരില്‍നിന്നായാണ് എയര്‍ കസ്റ്റംസ് സിഗരറ്റുകളും മറ്റു വസ്തുക്കളും പിടികൂടിയത്.
അബുദബിയിൽനിന്ന് ഐഎക്സ് 420 വിമാനത്തിൽ എത്തിയ യാത്രക്കാരിയുടെ ചെക്ക് ഇൻ ബാഗേജില്‍നിന്ന് 39,000 എസ്സേ ലൈറ്റ് ബ്രാന്‍ഡ് സിഗരറ്റുകളും 59,600 എസ്സേ ചേഞ്ച് സിഗരറ്റുകളും കണ്ടെടുത്തു. ഇതിന് ഏകദേശം 9,86,000 രൂപ വിലവരും. കണ്ണൂർ സ്വദേശിയായ യാത്രക്കാരനിൽനിന്ന് ഗോൾഡ് ഫ്ലേക്ക് സിഗരറ്റുകൾ, 20 പാക്കറ്റ് ഫൈസ ബ്യൂട്ടി ക്രീം, 13 പാക്കറ്റ് എപ്പിമെഡിയംലു ജാം (തുര്‍ക്കി ജാം) എന്നിവയും കണ്ടെത്തി, ഇതിന് 1,51,000 രൂപ വിലവരും. കർണാടക സ്വദേശിയില്‍നിന്ന് 6000 ഗോൾഡ് ഫ്ലേക്ക് ലൈറ്റ്സ് സിഗരറ്റും 120 പാക്കറ്റ് ഡെർമോവേറ്റ് ക്രീം, 92 പാക്കറ്റ് ഫൈസഫേസ് ക്രീം, 15 എൽഫ്ബാർ റായ ഡി3 ഇ സിഗരറ്റും 21 പാക്കറ്റ് എപ്പിമെഡിയലു ജാം എന്നിവ കണ്ടെടുത്തു. ഇതിന് 1,77,000 രൂപ വിലവരും. മറ്റൊരു കർണാടക സ്വദേശിയായ യാത്രക്കാരനിൽനിന്ന് 9400 ഗോൾഡ് ഫ്ലേക്ക് ലൈറ്റ്സ് സിഗരറ്റും 120 പാക്കറ്റ് ഡെർമോവേറ്റ് ക്രീം, 19 എൽഫ്ബാർ റായ ഡി3 ഇ സിഗരറ്റും പിടികൂടി. ഇവയ്ക്ക് ഏകദേശം 2,61,000 രൂപ വിലവരും. പിടിച്ചെടുത്ത സാധനങ്ങൾ കസ്റ്റംസ് കണ്ടുകെട്ടി, പിഴ ചുമത്തി.









0 comments