വി എസിലൂടെ സ്‌മാർട്ടായി കൊച്ചി

കൊച്ചി
കൊച്ചി കൂടുതൽ സ്‌മാർട്ടായി ലോകശ്രദ്ധ ആകര്‍ഷിച്ചുതുടങ്ങിയത് വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടംമുതലാണ്. ഇന്ത്യയിലെ ആദ്യ കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനൽ പദ്ധതി വല്ലാർപാടത്ത് ആരംഭിച്ചത് അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന സമയത്താണ്. 3200 കോടി രൂപ മുതൽമുടക്കുള്ള ഈ ബൃഹദ് പദ്ധതിയുടെ ആദ്യഘട്ടം വി എസ് മന്ത്രിസഭയുടെ സമയത്ത് പൂർത്തിയാക്കി
2011 ഫെബ്രുവരി 11-ന് ഉദ്ഘാടനം ചെയ്തു. ടെർമിനലിന്റെ പ്രവർത്തനത്തിന് 18.2 കിലോമീറ്റർ ദേശീയപാത (എൻഎച്ച് 966എ), റെയിൽ പാത (8.86 കിലോമീറ്റർ), ഡ്രഡ്ജിങ് തുടങ്ങിയവ കേന്ദ്ര-സംസ്ഥാന സർക്കാർ സഹകരണത്തോടെ നടപ്പാക്കി. ഇതിൽ വി എസിന്റെ ഭരണനേതൃത്വം സുപ്രധാനമായിരുന്നു.
മത്സ്യബന്ധനവും സമുദ്രഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യയിലെ ആദ്യ സർവകലാശാല ആരംഭിച്ചതും വി എസിന്റെ സമയത്ത്. കേരള മത്സ്യബന്ധന സമുദ്രഗവേഷണ സർവകലാശാല (കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യൻ സ്റ്റഡീസ്) 2010-ൽ അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ ആരംഭിച്ചു. രൂപീകരണ ബിൽ 2010 ഡിസംബർ 30-ന് കേരള നിയമസഭ പാസാക്കി. 2011 ജനുവരി 28-ന് കേരള സർക്കാർ ഔദ്യോഗിക ഉത്തരവിലൂടെ സർവകലാശാലയ്‌ക്ക് അംഗീകാരം നൽകി.
യാത്രാസൗകര്യം മെച്ചപ്പെടുത്താൻ മൊബിലിറ്റി ഹബ്
കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് കുറച്ച് യാത്രാസൗകര്യം മെച്ചപ്പെടുത്താന്‍ വിഭാവനം ചെയ്ത പദ്ധതിയാണ് വൈറ്റില മൊബിലിറ്റി ഹബ്. ബസ്, മെട്രോ, ജലഗതാഗതം, ഓട്ടോറിക്ഷ, ടാക്സി എന്നിവയെ ഒരുമിപ്പിച്ചുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്തത്. വി എസ് മുഖ്യമന്ത്രിയായിരിക്കെയാണ് ഹബ്ബിന് കല്ലിട്ട് നിർമാണം ആരംഭിച്ചത്. കൃഷിവകുപ്പിന്റെ തെങ്ങുഗവേഷണകേന്ദ്രത്തിന്റെ ഭൂമി ഏറ്റെടുത്താണ് പദ്ധതിക്ക് തുടക്കമിട്ടത്. വി എസ് ഭരണകാലത്തുതന്നെ ഒന്നാംഘട്ടം പൂർത്തിയാക്കി.
ഇൻഫോപാർക്ക് ഉയരങ്ങളിലേക്ക്
ഇൻഫോപാർക്ക് സ്ഥാപിതമാകുന്നത് 2004-ലാണെങ്കിലും വി എസിന്റെ ഭരണകാലത്താണ് ശക്തമായ വളർച്ച കൈവരിച്ചത്. 100 ഏക്കർ സ്ഥലത്ത് കാക്കനാട്ട് ആരംഭിച്ച ഇൻഫോപാർക്കിൽ വി എസിന്റെ കാലത്താണ് അടിസ്ഥാനസൗകര്യ വികസനം നടന്നതും വൻകിട ഐടി കമ്പനികൾ എത്തിയതും. അദ്ദേഹത്തിന്റെ ഭരണകാലത്ത് ഒന്നാംഘട്ടവികസനം പൂർത്തിയായി. 2007-ൽ "ലീല ഇൻഫോപാർക്ക്' ഉൾപ്പെടെ പുതിയ ഐടി കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തു. ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), വിപ്രോ, യുഎസ്ടി ഗ്ലോബൽ തുടങ്ങിയ കമ്പനികളെ ആകർഷിച്ചു.
പാർക്കിന്റെ വികസനത്തിന് ലീല ഗ്രൂപ്പ്, എൽ ആൻഡ് ടി, ബ്രിഗേഡ് എന്റർപ്രൈസസ് തുടങ്ങിയവയുമായി സഹകരിച്ച് കോ-ഡെവലപ്മെന്റ് മോഡൽ ശക്തിപ്പെടുത്തി. 160 ഏക്കർ ഏറ്റെടുത്ത് ഇൻഫോപാർക്ക് രണ്ടാംഘട്ടവികസനം തുടങ്ങി. അഞ്ഞൂറോളം കമ്പനികൾ ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്നു.









0 comments