സിന്റോയ്ക്ക് പാതി തായ്ലൻഡിൽ നിന്ന്

വർഗീസ് പുതുശേരി
Published on May 08, 2025, 03:47 AM | 1 min read
അങ്കമാലി
പൊയ്ക്കാട്ടുശേരിക്കാരൻ സിന്റോ പോളിന് ജീവിതത്തിന് കൂട്ടായി തായ്‌ലൻഡ് യുവതി. ഗിബു എന്ന കന്യാവാനാണ് സിന്റോയുടെ ഭാര്യ. തായ്‌ലൻഡിൽ വിവാഹം രജിസ്‌റ്റർ ചെയ്‌തു. വിവാഹാഘോഷം അത്താണി കാരയ്ക്കാട്ടുകുന്നിൽ സിയോൻ ഹാളിലായിരുന്നു.
ഗിബു ബുദ്ധമതക്കാരിയും സിന്റോ യാക്കോബായ സുറിയാനി ക്രിസ്ത്യാനിയും. രണ്ടുപേരും അതത് മതങ്ങളിൽ തുടരും. വിവാഹത്തിന് വീട്ടുകാരും പിന്തുണയേകി. ഗിബുവിന്റെ മാതാപിതാക്കളായ കൻഹ മലാഹും വന്നപ്പായും തായ് റോയൽ പൊലീസിലാണ്. സഹോദരൻ സുഫാ മോൻങ്കോൽ തായ് റോയൽ ആർമിയിലും. പൊയ്ക്കാട്ടുശേരി പുതുശേരി പൗലോസ്–- ഷീല ദമ്പതികളുടെ മകനാണ് സിന്റോ. സഹോദരൻ സിജോ പോൾ.
ഫുട്ബോൾ കളിക്കാരനും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പരിശീലകനുമായിരുന്നു സിന്റോ. ചാർളി തുടങ്ങിയ സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായും സജീവമായിരുന്നു. ആറു വർഷംമുമ്പാണ് ജോലി തേടി തായ്‌ലൻഡിലെത്തിയത്. ഇടയ്‌ക്ക് തിരിച്ചുപോന്നെങ്കിലും ഗിബുവിനോടുള്ള പ്രണയം വീണ്ടും തായ്‌ലൻഡിലെത്തിച്ചു.
അവിടെ കൊരാറ്റ് സിറ്റി സ്കൂളിൽ അധ്യാപകനാണ് മുപ്പതുകാരനായ സിന്റോ. കൊരാറ്റ് പ്രിസിഷൻ ആൻഡ് കൺസ്ട്രക്ഷൻ എൻജിനിയറിങ് കമ്പനിയിൽ മാർക്കറ്റിങ് മാനേജരാണ് ഇരുപത്താറുകാരി ഗിബു. ഇവിടെവച്ചുള്ള പരിചയമാണ് ഇരുവരെയും ജീവിതത്തിലൊരുമിപ്പിച്ചത്. ഗിബുവിന്റെ വീട്ടുകാരും സുഹൃത്തുക്കളും കേരളീയ വേഷമണിഞ്ഞാണ് വിവാഹ ആഘോഷത്തിനെത്തിയത്. ഇരുവരും 12ന് തായ്‌ലൻഡിലേക്ക് തിരിക്കും.









0 comments