സിയോളിൽ തിളങ്ങി 
മഞ്ഞപ്രയുടെ ശിവരഞ്ജിനി

shivaranjini
avatar
വർഗീസ്‌ പുതുശേരി

Published on Sep 02, 2025, 02:15 AM | 1 min read


അങ്കമാലി

സിയോൾ അന്താരാഷ്‌ട്ര വനിതാ ചലച്ചിത്രോത്സവത്തിൽ എക്‌സലൻസ്‌ അവാർഡ്‌ നേടി നാടിന്റെ അഭിമാനമായിരിക്കുകയാണ്‌ മഞ്ഞപ്ര സ്വദേശി ജെ ശിവരഞ്ജിനി. അങ്കമാലിയിൽത്തന്നെയുള്ള ബ്യൂട്ടിപാർലറിലെ ഒരു ദിവസത്തെ സംഭവങ്ങളാണ്‌ ശിവരഞ്ജിനി സംവിധാനംചെയ്ത "വിക്‌ടോറിയ' എന്ന ചിത്രത്തിന്റെ പ്രമേയം. സിനിമയുടെ കഥയും തിരക്കഥയും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്‌ ശിവരഞ്ജിനിതന്നെ.


വ്യക്തിപരമായ അനുഭവ പരിസരങ്ങളിൽനിന്നാണ് സിനിമയുടെ ഉള്ളടക്കത്തിലേക്കും എത്തുന്നത്‌. അങ്കമാലിയിലെയും പരിസരങ്ങളിലെയും ഭാഷയും ജീവിതവും സിനിമയിൽ കാണാം. പ്രദർശിപ്പിക്കപ്പെട്ട ഇടങ്ങളിലെല്ലാം മികച്ച പ്രേക്ഷക, നിരൂപക പ്രശംസ നേടിയ ചിത്രത്തിന്‌ നിരവധി അന്താരാഷ്‌ട്ര പുരസ്‌കാരങ്ങളും ലഭിച്ചു. വനിതാ സംവിധായകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതിപ്രകാരമാണ്‌ ചിത്രം നിർമിച്ചത്‌.


കുസാറ്റിലെ ബിടെക് പഠനശേഷം അഹമ്മദാബാദ് എൻഐഡിയിൽ ശിവരഞ്ജിനി സിനിമാ ഡിസൈനിങ് പഠിച്ചു. ഇപ്പോൾ മുംബൈ ഐഐടിയിൽ ഗവേഷക വിദ്യാർഥിയാണ്. നേരത്തേ ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്‌. കല്യാണി എന്ന ഹ്രസ്വചിത്രം ഐഡിഎസ്എഫ്എഫ്കെയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.


വിക്ടോറിയയുടെ തിയറ്റർ റിലീസ് അധികം വൈകാതെയുണ്ടാകും. സിനിമയിലെ മിക്കവാറും സാങ്കേതികപ്രവർത്തകരുടെയും ആദ്യ ഫീച്ചർ സിനിമകൂടിയാണ് വിക്ടോറിയ. മീനാക്ഷി ജയൻ, ശ്രീഷ്മ ചന്ദ്രൻ, ജോളി ചിറയത്ത്, ദർശന വികാസ്, സ്റ്റീജ മേരി, ജീന രാജീവ് എന്നിവരാണ് പ്രധാന വേഷങ്ങളിലുള്ളത്. ഷാങ്ഹായ് ചലച്ചിത്രമേളയിൽ ഇന്ത്യയിൽനിന്നുള്ള ഏക എൻട്രിയായിരുന്നു ചിത്രം. മാമ്പിലായി ജനാർദനന്റെയും ഗീതയുടെയും മകളാണ്‌ ജെ ശിവരഞ്ജിനി.



deshabhimani section

Related News

View More
0 comments
Sort by

Home