നടി ആര്യയുടെ പേരിൽ ഇൻസ്‌റ്റ വ്യാജൻ ; പണംപോയവരിൽ പ്രമുഖരും


ശ്രീരാജ് ഓണക്കൂർ
Published on Jul 17, 2025, 03:10 AM | 1 min read
കൊച്ചി
ടെലിവിഷൻ താരം ആര്യ ബാബു ഉടമയായ ബോട്ടീക്കിന്റെ വ്യാജ ഇൻസ്‌റ്റഗ്രാം പേജ് വഴിയുള്ള തട്ടിപ്പിൽനിന്ന് കൊച്ചി സ്വദേശി രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. 15,000 രൂപയുള്ള സാരികൾ 1900 രൂപയ്‌ക്ക് നൽകാമെന്ന് ആര്യ തന്നെ വീഡിയോയിൽ പറഞ്ഞാൽ എങ്ങനെ വിശ്വസിക്കാതിരിക്കും. ‘ബോട്ടീക്ക് ആര്യ ഒഫീഷ്യൽ’ എന്ന പേജിലെ ഫോൺ നമ്പറിൽ വിളിച്ചപ്പോൾ പണം അടയ്‌ക്കേണ്ട ക്യുആർകോഡ് ലഭിച്ചു. എന്നാലും ഒരു സംശയം.
എറണാകുളം റൂറൽ സൈബർ പൊലീസുമായി ബന്ധപ്പെട്ടപ്പോൾ ഞെട്ടി. പേജ് വ്യാജനാണ്. പലരുടെയും പണം നഷ്‌ടപ്പെട്ടു. സെലിബ്രിറ്റികളുടെ സമൂഹമാധ്യമ പേജിലെ വീഡിയോകളും ചിത്രങ്ങളും പകർത്തിയെടുത്ത് എഡിറ്റ് ചെയ്‌ത് അതേപേരിൽ മറ്റൊരു പേജ് സൃഷ്‌ടിച്ചാണ് തട്ടിപ്പ്. ഇത്തരം തട്ടിപ്പ് സാധാരണമായതിനാൽ കുരുങ്ങാതിരിക്കാൻ ജാഗ്രതപാലിക്കണമെന്ന് പൊലീസ്. ഇത്തരം തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിലോ ദേശീയ സൈബർ ക്രൈം പോർട്ടലായ 1930ലോ വിളിച്ച് പരാതി നൽകാം.
പിന്നിൽ ബിഹാർ സംഘം: ആര്യ
ചക്കരപ്പറമ്പലിലുള്ള ‘കാഞ്ചീവരം’ എന്ന തന്റെ റീട്ടെയിൽ ഷോപ്പിന്റെ പേരിൽ ആരംഭിച്ച ഇൻസ്‌റ്റഗ്രാം പേജ് ‘കാഞ്ചീവരം.ഇൻ’ ആണ്. ഇതിന്റെ ഇരുപതോളം വ്യാജൻമാർ ഇറങ്ങിയെന്നും നടി ആര്യ ദേശാഭിമാനിയോട് പറഞ്ഞു. വ്യാജന്മാർക്കെതിരെ സൈബർ സെല്ലിലും പാലാരിവട്ടം പൊലീസിലും പരാതി നൽകി. ബിഹാറിലെ തട്ടിപ്പുസംഘമാണ് പിന്നിലെന്ന് സൈബർ വിദഗ്‌ധർ കണ്ടെത്തി. പതിനഞ്ചോളം പേജുകൾ റിപ്പോർട്ട് അടിച്ച് പൂട്ടിച്ചു. എന്നാൽ, തട്ടിപ്പുകാർ പത്തോളം പുതിയ പേജ് ആരംഭിച്ചു. ജഡ്‌ജിമാർ, ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ തട്ടിപ്പിനിരയായിട്ടുണ്ടെന്നും ആര്യ പറഞ്ഞു.









0 comments