കളിച്ച് ചെറുക്കും ലഹരിയെ ; 45 സ്കൂളുകൾക്ക് കായികോപകരണങ്ങൾ

കൊച്ചി
കായിക വിനോദങ്ങളിലൂടെ യുവതലമുറയെ ലഹരിയിൽനിന്ന് സംരക്ഷിക്കാൻ എക്‌സൈസ് വകുപ്പ്. ഇതിനായി ജില്ലയിലെ 45 സ്കൂളുകളിൽ കായികോപകരണങ്ങൾ വാങ്ങുന്നതിന് 12,000 രൂപവീതം നൽകുന്ന പദ്ധതി നടപ്പാക്കും. എക്സൈസ് വകുപ്പ് സംഘടിപ്പിച്ച ജില്ലാ ജനകീയ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
വിദ്യാർഥികളിലെ ലഹരി ഉപയോഗത്തെക്കുറിച്ചും പ്രതിരോധ മാർഗങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്തു. കായികമേഖലയിലേക്ക് വിദ്യാർഥികളെ ആകർഷിക്കാൻ സാധിച്ചാൽ ഒരു പരിധിവരെ ലഹരിയുടെ ഉപയോഗം തടയാൻ കഴിയുമെന്നും യോഗത്തിൽ നിർദേശമുയർന്നു.
‘ഉണർവ്’ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ തെരഞ്ഞെടുത്ത മൂന്നു സ്കൂളുകൾക്ക് കായികോപകരണങ്ങൾ വാങ്ങുന്നതിന് 2.5 ലക്ഷം രൂപവീതം നൽകാനും തീരുമാനമായി.
ഓണത്തോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികൾ നടക്കാനിരിക്കെ ജില്ലയിലെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കലക്ടർ ജി പ്രിയങ്ക യോഗത്തിൽ പറഞ്ഞു. 2024 ഡിസംബർമുതൽ 2025 ജൂലൈവരെയുള്ള കമ്മിറ്റി റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിച്ചു. ഉമ തോമസ് എംഎൽഎ അധ്യക്ഷയായി. ഡെപ്യൂട്ടി കലക്ടർ വി ഇ അബ്ബാസും എക്‌സൈസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.








0 comments