തീയണയ്‌ക്കാനുള്ള റോബോട്ടും ബൂം ലിഫ്‌റ്റും റെഡി

robot
വെബ് ഡെസ്ക്

Published on Jun 18, 2025, 02:44 AM | 1 min read


നെടുമ്പാശേരി

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അഗ്നിരക്ഷാസേന നവീകരണത്തിന്റെ ഭാഗമായി രണ്ട് അത്യാധുനിക ഉപകരണങ്ങൾകൂടി. സിയാൽ സെൻട്രൽ ബ്ലോക്കിൽ നടന്ന ചടങ്ങിൽ മന്ത്രി പി രാജീവ് പുതിയ ഉപകരണങ്ങളുടെ സ്വിച്ച് ഓൺ നിർവഹിച്ചു. ആർട്ടിക്കുലേറ്റഡ് ബൂം ലിഫ്റ്റ്, മൾട്ടിപർപ്പസ് ഫയർ ഫൈറ്റിങ് റോബോട്ട് എന്നീ ഉപകരണങ്ങളാണ് അനാവരണംചെയ്തത്.


ആർട്ടിക്കുലേറ്റഡ് ബൂം ലിഫ്റ്റ് 28 മീറ്റർവരെ ഉയരത്തിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കാനാകും. ഹൈഡ്രോളിക് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഉപകരണത്തിന് 250 കിലോവരെ ഭാരമെടുക്കാനുള്ള ശേഷിയുണ്ട്.


മൾട്ടിപ്പർപ്പസ് ഫയർഫൈറ്റിങ് റോബോട്ടിന് അപകടകരമായ സ്ഥലങ്ങളിലേക്ക് കയറി അഗ്നിശമനപ്രവർത്തനങ്ങൾ നടത്താനാകും. റിമോട്ടുകൊണ്ട് നിയന്ത്രിക്കാനാവുന്ന റോബോട്ടിൽ കാമറ ഉൾപ്പെടെയുണ്ട്. 360 ഡിഗ്രിയിലും തീയണയ്‌ക്കാനാകും. പുതിയ ഉപകരണങ്ങളുടെ പ്രവർത്തനക്ഷമത തെളിയിക്കുന്ന പ്രദർശനവും നടന്നു. സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ്, ഡയറക്ടർ വർഗീസ് ജേക്കബ്, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ വി ജയരാജൻ, സജി കെ ജോർജ്, എയർപോർട്ട് ഡയറക്ടർ ജി മനു, എആർഎഫ്എഫ് ഹെഡ് സോജൻ കോശി തുടങ്ങിയവർ പങ്കെടുത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Home