കൊച്ചുമകനെ രക്ഷിക്കാൻ പുഴയിൽ ചാടിയ മുത്തശ്ശി മുങ്ങിമരിച്ചു

കവളങ്ങാട്
കൊച്ചുമകനെ രക്ഷിക്കാൻ പുഴയിൽ ചാടിയ മുത്തശ്ശി ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചു. നെല്ലിമറ്റം കണ്ണാടിക്കോട് ചാമക്കാട്ട് ലീല ശിവനാണ് (56) മരിച്ചത്.
ശനി വൈകിട്ട് വീടിനുസമീപം കൊടമുണ്ട പുഴയിലെ കോഴിപ്പാറ തടയണയ്ക്കുസമീപം കുളിക്കുന്നതിനിടെ മകൾ ആര്യമോളുടെ മകൻ അഞ്ചാംക്ലാസ് വിദ്യാർഥി അദ്വൈത് ഒഴുക്കിൽപ്പെടുകയായിരുന്നു. 200 മീറ്ററോളംതാഴെനിന്ന് അദ്വൈതിനെ രക്ഷിച്ച് മരക്കൊമ്പിൽ പിടിപ്പിക്കുന്നതിനിടെ ലീല വീണ്ടും ഒഴുക്കിൽപ്പെട്ടു. ചാത്തക്കുളം ഭാഗത്തുനിന്നാണ് ലീലയുടെ മൃതദേഹം നാട്ടുകാർ കരയ്ക്കെത്തിച്ചത്. മരക്കൊമ്പിൽ പിടിച്ചുകിടന്ന അദ്വൈതിനെ സമീപവാസിയായ 10–ാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഫയാസ് രക്ഷിച്ച് കരയ്ക്കെത്തിച്ചു.
ലീലയുടെ മൃതദേഹം കോതമംഗലം താലൂക്കാശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനുശേഷം ഞായറാഴ്ച സംസ്കരിക്കും. മറ്റു മക്കൾ: ആതിരമോൾ, അഭിജിത്ത്. മരുമകൻ: അനീഷ്.








0 comments