യുഡിഎഫിനെ രാമമംഗലത്തിന് മടുത്തു
വികസനമില്ല അഴിമതി മാത്രം

രാമമംഗലം പൂഴിക്കുന്നേൽ താഴം തുരുത്തേൽ നഗർ റോഡ് നിർമാണത്തിന്റെ മറവിൽ സ്വകാര്യവഴി കട്ട വിരിച്ചപ്പോൾ
എൽദോ ജോൺ
Published on Oct 21, 2025, 01:48 AM | 1 min read
പിറവം
യുഡിഎഫ് ഭരണമേറ്റ നാൾ തുടങ്ങിയ അധികാര വടംവലിയും അഴിമതിയും സ്വജനപക്ഷപാതവും രാമമംഗലം പഞ്ചായത്തിനെ തള്ളിയിട്ടത്
വികസനമുരടിപ്പിലേക്ക്. പ്രസിഡന്റ് പദം രണ്ടരവർഷംവീതം ഊഴമിട്ട് പകുത്തെങ്കിലും കോൺഗ്രസിലെ തമ്മിലടി പരിഹരിക്കാനായില്ല. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരുടെ തെരഞ്ഞെടുപ്പിലും പിന്നീടുള്ള കമ്മിറ്റികളിലും ഭരണത്തിലും ഗ്രൂപ്പ് തർക്കം രൂക്ഷമായി.
ഗ്രാമീണ റോഡുകളുടെ അടിയന്തര പുനരുദ്ധാരണത്തിന് സംസ്ഥാന സർക്കാർ റീ ബിൽഡ് കേരള പദ്ധതിയിൽ രാമമംഗലം പഞ്ചായത്തിന് ഫണ്ട് നൽകി. പദ്ധതിയിലൂടെ ഒരുവ്യക്തിക്ക് വഴി നിർമിക്കാൻ ഫണ്ട് മറിച്ചുനൽകിയ സംഭവമുൾപ്പെടെയുണ്ടായി. പൂഴിക്കുന്നേൽ താഴംതുരുത്തേൽനഗർ റോഡിന്റെ ആസ്തിയിലേക്ക് വ്യക്തിയുടെ വഴിയുടെ ദൂരംകൂടി ഉൾപ്പെടുത്തി ടൈൽ വിരിച്ച് നൽകിയാണ് അഴിമതി നടത്തിയത്.
തകർന്ന റോഡ് നന്നാക്കാൻ സ്വകാര്യ കേബിൾ കമ്പനി 98 ലക്ഷം രൂപ പഞ്ചായത്തിൽ ഡെപ്പോസിറ്റ് ചെയ്തിട്ടും ആ തുക ഉദ്ദേശിച്ച റോഡുകൾക്ക് ഉപയോഗിച്ചില്ല. ഈ ഫണ്ടിൽനിന്ന് 45 ലക്ഷം രൂപ മാമലശേരി–കോട്ടപ്പുറം റോഡിന് ഉപയോഗിച്ചു. ജലജീവന്‍ മിഷന്റെ ഭാഗമായി വെട്ടിപ്പൊളിച്ച റോഡുകൾ താറുമാറായി.
വീട് നിർമാണത്തിന്റെ മറവിൽ മണ്ണെടുപ്പിന് കൂട്ടുനിന്ന് പണം പറ്റുന്നതായും ആരോപണമുണ്ട്. പെർമിറ്റ് നൽകിയ സ്ഥലത്ത് നിർമാണം നടത്താതെ യുഡിഎഫ് ഭരണസമിതി ഒത്താശയിൽ മണ്ണ് മാത്രം കടത്തി പണം തട്ടുന്ന നിരവധി സംഭവങ്ങളുണ്ടായി. ഉയർന്ന പ്രദേശങ്ങളായ പറമ്പ്രക്കാട്, ഗാന്ധിനഗർ കോട്ടപ്പുറം, ഉള്ളലിക്കുന്ന്, മാമലശേരി തുടങ്ങിയ മേഖലകളിൽ അതിരൂക്ഷമായ കുടിവെള്ളക്ഷാമമുണ്ടെങ്കിലും ഒരു പദ്ധതിപോലും നടപ്പാക്കിയില്ല. മാലിന്യശേഖരം പൊതുസ്ഥലത്ത് കൂട്ടിയിട്ട് കത്തിച്ചതിന് യുഡിഎഫ് അംഗത്തിന് പിഴ നൽകേണ്ടിയും വന്നു.









0 comments