അരങ്ങിനെ ത്രസിപ്പിച്ച് 52 വർഷം; ‘രക്തരക്ഷസ്’ തൃപ്പൂണിത്തുറയിൽ

കെ ആർ ബൈജു
Published on Jun 07, 2025, 02:48 AM | 1 min read
തൃപ്പൂണിത്തുറ
നാടകപ്രേമികളുടെ ഹൃദയംകവർന്ന് ഏരീസ് കലാനിലയത്തിന്റെ നാടകം "രക്തരക്ഷസ്’ തൃപ്പൂണിത്തുറയിൽ പ്രദർശനം തുടരുന്നു. 1980ൽ തൃപ്പൂണിത്തുറയിൽ അവതരിപ്പിച്ച ‘രക്തരക്ഷസ്’ പുതുമകൾചേർത്തുള്ള രണ്ടാംവരവിലും കൈയടി നേടുന്നു. കലാനിലയം കൃഷ്ണൻനായർ സംവിധാനംചെയ്ത നാടകം 1973ൽ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്താണ് ആദ്യമായി അരങ്ങേറിയത്. അമ്പതാണ്ടിലേറെ സ്ഥിരംനാടകവേദിയിൽ തകർത്താടിയ രക്തരക്ഷസിന്റെ രണ്ടാംവരവിൽ പുതുതലമുറയെയും ആകർഷിക്കുംവിധം സാങ്കേതിക മികവോടെയാണ് അവതരണം.
തുടർച്ചയായി 52 വർഷം ഏരീസ് കലാനിലയം ഒരേ നാടകംതന്നെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകത രക്തരക്ഷസിനുണ്ട്. നാടകത്തിന്റെ രണ്ടാംഭാഗം അവതരിപ്പിക്കാനുള്ള അണിയറ പ്രവർത്തനങ്ങൾ കലാനിലയം കൃഷ്ണൻനായരുടെ മകൻ അനന്തപത്മനാഭന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നിലവിൽ അവതരിപ്പിക്കുന്ന നാടകത്തിലെ ചില ഭാഗങ്ങളിൽ വ്യത്യാസം വരുത്തിയതായി അനന്തപത്മനാഭൻ പറഞ്ഞു.
ഏരീസ് കമ്പനി ചെയർമാൻ സോഹൻ റോയിയും കലാനിലയത്തിന് ഒപ്പമുണ്ട്.
പുതിയകാവ് ക്ഷേത്രമൈതാനത്ത് നടക്കുന്ന രക്തരക്ഷസിന്റെ പ്രദർശനം 22 വരെ തുടരും. വൈകിട്ട് ആറിനും ഒമ്പതിനുമാണ് പ്രദർശനങ്ങൾ. ടിക്കറ്റ് രാവിലെ 10 മുതൽ കൗണ്ടറിൽ ലഭ്യമാണ്. www.arieskalanilayam.com വെബ്‌സൈറ്റിലൂടെ ഓൺലടൊയും ബുക്ക് ചെയ്യാം. ഫോൺ: 8714088850.









0 comments