നിയമവിരുദ്ധ കൃത്രിമ ഗർഭധാരണം ; മമ്മ മിയ ഓഫീസിലും ഹോസ്റ്റലിലും റെയ്ഡ് , 5 പെൺകുട്ടികളെ കണ്ടെത്തി

മമ്മ മിയ ലൈഫ് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഹോസ്റ്റലിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ, അണ്ഡം സൂക്ഷിക്കാനുള്ള സംവിധാനം
കളമശേരി
വൻ തുക ഈടാക്കി നിയമവിരുദ്ധമായി കൃത്രിമ ഗർഭധാരണത്തിന്, പെൺകുട്ടികളുടെ അണ്ഡം ശേഖരിച്ചുനൽകിയതായി വെളിപ്പെട്ട മമ്മ മിയ ലൈഫ് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഓഫീസും ഹോസ്റ്റലും പ്രത്യേകസംഘം പരിശോധിച്ചു. ഹോസ്റ്റലിൽ താമസിപ്പിച്ചിരുന്ന അഞ്ച് ഇതരസംസ്ഥാനക്കാരായ പെൺകുട്ടികളെ കണ്ടെത്തി. എളമക്കര പൊലീസിൽ ഇതുസംബന്ധിച്ച് അന്വേഷകസംഘം റിപ്പോർട്ട് നൽകി.
കൂനംതൈ എ കെ ജി റോഡിലെ സ്ഥാപനത്തിലും എൻഎച്ച് എ കെ ജി ലൈനിലെ ഹോസ്റ്റലിലുമാണ് പരിശോധന നടത്തിയത്. പാലാരിവട്ടത്ത് പ്രവർത്തിക്കാൻ നിയമാനുസൃത രേഖകളുള്ള സ്ഥാപനം രേഖകളില്ലാതെയാണ് എ കെ ജി റോഡിൽ പ്രവർത്തിക്കുന്നത്.
അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി (എആർടി), വാടക ഗർഭധാരണം എന്നിവ സംബന്ധിച്ച 2021ലെ ആക്ട് അനുസരിച്ച് സംസ്ഥാനത്ത് രൂപീകരിച്ച അപ്രാേപ്രിയേറ്റ് അതോറിറ്റി ചെയർമാന്റെ നേതൃത്വത്തിലായിരുന്നു തിങ്കൾ രാവിലെമുതൽ പരിശോധന നടത്തിയത്. നിയമവിരുദ്ധമായി അണ്ഡം എടുക്കാനായി പാർപ്പിച്ച പെൺകുട്ടികളെയും ഉപകരണങ്ങളും അണ്ഡം സൂക്ഷിച്ചുവയ്‌ക്കാനുള്ള സംവിധാനങ്ങളുമാണ് കണ്ടെത്തിയത്. ഇതുസംബന്ധിച്ച് കളമശേരി ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ റിപ്പോർട്ട് നൽകുമെന്ന് അന്വേഷകസംഘം ചെയർമാൻ പറഞ്ഞു. എറണാകുളം ഡിഎംഒ ഉൾപ്പെടെ 12 അംഗ സംഘമാണ് പരിശോധന നടത്തിയത്. എളമക്കര, കളമശേരി സ്റ്റേഷനുകളിലെ പൊലീസ് റെയ്ഡിന് സംരക്ഷണമൊരുക്കി.









0 comments