വികസനക്കരുത്തിൽ പുത്തൻവേലിക്കര

പാറക്കടവ് ബ്ലോക്കിൽ കൂടുതൽ വ്യവസായ സംരംഭങ്ങൾ തുടങ്ങിയ പഞ്ചായത്തിനുള്ള പുരസ്കാരം മന്ത്രി പി രാജീവിൽനിന്ന് പുത്തൻവേലിക്കര പഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷി ഏറ്റുവാങ്ങുന്നു
വി ദിലീപ്‌കുമാർ
Published on Oct 26, 2025, 04:01 AM | 1 min read
പറവൂർ
15 വർഷത്തെ യുഡിഎഫ് ദുർഭരണത്തിന് അറുതിവരുത്തി 2020ൽ അധികാരത്തിലേറിയ എൽഡിഎഫ് ഭരണസമിതിയിലൂടെ സമാനതകളില്ലാത്ത വികസനനേട്ടമാണ് പുത്തൻവേലിക്കര പഞ്ചായത്ത് കൈവരിച്ചത്. തുരുത്തിപ്പുറം-–വെള്ളോടുപുറം തീരപ്രദേശത്തെ വേലിയേറ്റ വെള്ളപ്പൊക്കം നബാർഡിന്റെ സഹായത്തോടെ ഏഴുകോടി രൂപ ചെലവിൽ പരിഹരിക്കാനായത് തിളക്കമാർന്ന നേട്ടമായി. ഏഴ് ഭൂരഹിതർക്കുൾപ്പെടെ ലൈഫ് പദ്ധതിയിൽ 8.29 കോടി രൂപ ചെലവിൽ 159 കുടുംബങ്ങൾക്ക് വീട് നൽകി. 46 വീടുകളുടെ നിർമാണം പുരോഗമിക്കുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ അഞ്ചുവർഷമായി 4,35,375 തൊഴിൽദിനങ്ങൾ സൃഷ്ടിച്ചു. പദ്ധതിക്കായി 17.20 കോടിയാണ് ചെലവിട്ടത്.
325 ചെറുകിട വ്യവസായ സംരംഭങ്ങൾ തുടങ്ങി. 9.10 കോടിയാണ് ഇതിന് മൂലധന നിക്ഷേപം. പുത്തൻവേലിക്കര താലൂക്ക് ആശുപത്രിയിൽ രാത്രിചികിത്സ പുനരാരംഭിച്ചു. പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ ആശുപത്രിയിൽ 3.5 കോടിയുടെ വികസനം നടപ്പാക്കി. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ 5.5 ലക്ഷം രൂപ ചെലവിൽ ഓപ്പൺ ജിംനേഷ്യം നിർമിച്ചു. 25.67 ലക്ഷം രൂപ ചെലവിട്ട് പാലിയേറ്റീവ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കി.
തരിശായി കിടന്ന 40 ഹെക്ടറോളം പാടശേഖരത്ത് കൃഷി തുടങ്ങി. തരിശുവയൽ നെൽക്കൃഷിക്കായി 10 ലക്ഷം രൂപയും ഗ്രോബാഗ് പച്ചക്കറിക്കൃഷിക്ക് അഞ്ചുലക്ഷവും ചെലവിട്ടു. മത്സ്യമേഖലയിലെ ക്ഷേമപ്രവർത്തനങ്ങൾക്ക് 29 ലക്ഷം രൂപ ചെലവാക്കി. രണ്ട് അങ്കണവാടികൾക്ക് പുതിയ കെട്ടിടം. ഏഴ് സ്മാർട്ട് അങ്കണവാടികൾ. ഇളന്തിക്കര ഗവ. എൽപിഎസിന് 1.58 കോടി ചെലവിൽ പുതിയ കെട്ടിടം. ജൽജീവൻ മിഷൻ പദ്ധതിയിലൂടെ 3345 സൗജന്യ വാട്ടർ കണക്ഷനുകൾ നൽകി. ജില്ലാ പഞ്ചായത്ത് സഹായത്തോടെ മിനി കോളനിയുടെ സമഗ്രവികസനത്തിന് 55 ലക്ഷം രൂപയും നീക്കിവച്ചു.
മാലിന്യസംസ്‌കരണത്തിന് 25 ലക്ഷം രൂപ ചെലവിൽ എംസിഎഫ് നിർമാണം അവസാനഘട്ടത്തിലാണ്. മാലിന്യസംസ്കരണ പ്രവർത്തനങ്ങളിൽ ബ്ലോക്ക് തലത്തിൽ പഞ്ചായത്ത് ഒന്നാമതെത്തി. 2025 മാർച്ചിൽ ഹരിതപഞ്ചായത്തായി പ്രഖ്യാപിച്ചു.









0 comments