പ്ലസ്ടു 83.09 ശതമാനം ; ജില്ല ഒന്നാമത്

ഹയർ സെക്കൻഡറി പരീക്ഷയിലെ ഫുൾ എ പ്ലസ് നേട്ടം സഹപാഠികൾക്കും അധ്യാപകർക്കുമൊപ്പം മധുരം പങ്കിട്ട് ആഘോഷിക്കുന്ന എറണാകുളം ഗവ. ഗേൾസ് സ്കൂളിലെ കെ ജൈത്ര
കൊച്ചി
ഹയർ സെക്കൻഡറി പരീക്ഷയിൽ ഇക്കുറിയും കുതിച്ച് ജില്ല. 83.09 ശതമാനം വിജയവുമായി സംസ്ഥാനത്ത് ഒന്നാമതെത്തി. കഴിഞ്ഞവർഷം 84.12 ശതമാനമായിരുന്നു. 193 സ്‌കൂളുകളിലായി 30,846 പേർ പരീക്ഷ എഴുതിയതിൽ 25,629 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 2626 പേർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു.
കഴിഞ്ഞവർഷം 26,551 പേർ ഉപരിപഠനത്തിന് യോഗ്യത നേടിയിരുന്നു. മുൻവർഷം എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത് 3689 പേർ. കോട്ടപ്പടി മാർ ഏലിയാസ് എച്ച്‌എസ്‌എസിലെ ദീപിക മത്തായി, എറണാകുളം സെന്റ് തെരേസാസ് സിജിഎച്ച്‌എസ്‌എസിലെ ദേവിക ശ്രീജിത് (ഇരുവരും സയൻസ്) എന്നിവർ 1200ൽ 1200 മാർക്കും നേടി. ആറ് സ്കൂളുകൾക്കാണ് നൂറ് ശതമാനം വിജയം. ടെക്‌നിക്കൽ സ്‌കൂൾ വിഭാഗത്തിൽ 70.65 ശതമാനം വിജയം നേടി ജില്ല സംസ്ഥാനത്ത് മൂന്നാമതാണ്. 2024ൽ 76 ശതമാനവുമായി രണ്ടാംസ്ഥാനത്തായിരുന്നു.
പരീക്ഷ എഴുതിയ 443 പേരിൽ 313 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 34 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. മുൻവർഷം 333 പേർ വിജയിച്ചിരുന്നു. ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 60.81 ശതമാനമാണ് വിജയം. കഴിഞ്ഞവർഷം 57 ശതമാനം മാത്രമേ വിജയിച്ചുള്ളൂ. 888 പേർ പരീക്ഷ എഴുതിയതിൽ 540 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 11 പേർ സമ്പൂർണ എ പ്ലസ് നേട്ടക്കാരുമായി.









0 comments