വികസനം പാതിവഴിയിലായ 
പിണ്ടിമന

pindimana panchayath

പിണ്ടിമന പഞ്ചായത്തിൽ നിർദിഷ്‌ട ചെങ്കര വഴിയോര വിശ്രമകേന്ദ്രത്തിനായുള്ള കെട്ടിടം കാടുപിടിച്ച നിലയിൽ

avatar
ജോഷി അറയ്‌ക്കൽ

Published on Sep 27, 2025, 04:09 AM | 1 min read


കോതമംഗലം

യുഡിഎഫ് ഭരിക്കുന്ന പിണ്ടിമന പഞ്ചായത്തിൽ വികസനസാധ്യതയുള്ള പദ്ധതികളെല്ലാം കടലാസിൽ ഒതുങ്ങി. ആയക്കാട്–തൈക്കാവുംപടി, പുലിമല– വെൺമേനിമറ്റം, അയിരൂർപ്പാടം–അമ്മച്ചിനഗർ, അയിരൂർപ്പാടം–ഐക്യപുരം (കലാം നഗർ) എന്നീ നാല്‌ കുടിവെള്ളപദ്ധതികളും നടപ്പായില്ല. നെടുമലത്തണ്ട് നഗറിൽ 35 വർഷംമുമ്പ് സ്ഥാപിച്ച കുടിവെള്ളസംഭരണി ഇപ്പോഴും നോക്കുകുത്തിയാണ്. പന്തപ്പിള്ളിച്ചിറയിൽനിന്ന് വെള്ളമെത്തിക്കാൻ സ്ഥാപിച്ച പൈപ്പ-്‌ലൈനും ചിലയിടത്ത്‌ വലിയ പരാജയമായി.


പൈപ്പ്‌ലൈൻ സ്ഥാപിക്കാൻ മുൻ ജില്ലാപഞ്ചായത്ത് അംഗം കെ എം പരീത് 20 ലക്ഷം രൂപയും ചിറ ശുചീകരിക്കാനും സംരക്ഷണഭിത്തി കെട്ടാനും നിലവിലെ അംഗം റഷീദ സലിം 10 ലക്ഷം രൂപയും അനുവദിച്ചു. ഇതും ഭരണസമിതി പാഴാക്കി. കുളങ്ങാട്ടുകുഴി രാജീവ് ഗാന്ധി നഗറിൽ കുടിവെള്ളപദ്ധതിക്ക് ജില്ലാപഞ്ചായത്ത് 20 ലക്ഷം രൂപ അനുവദിച്ചെങ്കിലും കിണറോ, ജലസംഭരണിയോ നിർമിച്ചില്ല.


ഭൂതത്താൻകെട്ടിന്റെ ടൂറിസം സാധ്യതകളെ വികസിപ്പിക്കാനും ശ്രമിച്ചില്ല. പെരിയാർവാലി കനാലിലെ വെള്ളമുപയോഗിച്ച് നല്ലരീതിയിൽ കൃഷി നടക്കുന്ന പഞ്ചായത്തിൽ ഫാം ടൂറിസം പദ്ധതിക്ക്‌ സാധ്യതയുണ്ടായിട്ടും നടപ്പാക്കിയില്ല. ഇടനിലക്കാരില്ലാതെ കാർഷിക ഉൽപ്പന്നങ്ങൾ വിൽക്കാൻ മുത്തംകുഴിയിൽ ആരംഭിച്ച കാർഷിക വിപണനകേന്ദ്രവും നിലച്ചു. ഭൂതത്താൻകെട്ട്, ഇടമലയാർ, വടാട്ടുപാറ ടൂറിസം കേന്ദ്രത്തിലെത്തുന്നവർക്ക്‌ പ്രയോജനപ്പെടുമായിരുന്ന ചെങ്കര വഴിയോരവിശ്രമകേന്ദ്രത്തിനായി തീരുമാനിച്ചയിടം കാടുപിടിച്ചു. ടേക് എ ബ്രേക് പദ്ധതിയും നടപ്പായില്ല. മാലിപ്പാറ, അയിരൂർപ്പാടം സ്റ്റേഡിയം വികസനത്തിന് ഫണ്ട് വകയിരുത്തിയില്ല. യുവജന ക്ലബ്ബുകളെയും അവഗണിച്ചു.


വികസനപ്രവർത്തനങ്ങൾക്ക്‌ പ്രതിപക്ഷം ക്രിയാത്മകപിന്തുണ നൽകുമ്പോഴും നൂതനപദ്ധതികൾ നടപ്പാക്കാൻ യുഡിഎഫ്‌ ഭരണസമിതി തയ്യാറായില്ല. ജില്ലാപഞ്ചായത്തിന്റെ ഓപ്പൺ ജിം പദ്ധതിയിൽ അയിരൂർപ്പാടം പഞ്ചായത്ത് സ്റ്റേഡിയത്തിൽ ഫിറ്റ്നസ് ഉപകരണങ്ങൾ സ്ഥാപിക്കാൻ അനുമതി നൽകാതെ രാഷ്ട്രീയപ്രേരിത അട്ടിമറി നടത്തിയതായും പ്രതിപക്ഷനേതാവ് എസ് എം അലിയാർ പറഞ്ഞു. ആന്റണി ജോൺ എംഎൽഎയുടെ ഫണ്ടിലാണ്‌ കുറച്ചെങ്കിലും വികസനപ്രവർത്തനങ്ങൾ പഞ്ചായത്തിൽ നടന്നത്‌. കനാൽ ബണ്ട് റോഡുകൾക്കായി 3.5 കോടി രൂപയും എല്ലാ വാർഡുകളിലും ഹൈമാസ്റ്റ് ലൈറ്റുകൾ, ഗ്രാമീണ മണ്ണ് റോഡുകളുടെ കോൺക്രീറ്റിങ്, വേട്ടാമ്പാറ പമ്പ് ഹൗസിലെ മോട്ടോർ പമ്പ്, നവീകരണം എന്നിവയ്‌ക്കുൾപ്പെടെ 41 ലക്ഷം രൂപ എംഎൽഎ നൽകിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home