പാമ്പാക്കുട ബ്ലോക്ക്
പാമ്പാക്കുട ബ്ലോക്കിൽ ജനപക്ഷ വികസനം

പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് രാമമംഗലം സാമൂഹ്യ ആരോഗ്യ കേന്ദ്രം
എൽദോ ജോൺ
Published on Nov 05, 2025, 02:03 AM | 1 min read
പിറവം
ജനപക്ഷ വികസനത്തിന്റെ നേർപാതയിൽ മുന്നേറി പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത്. വികസനഫണ്ടും പ്രദേശിക വിഭവ സാധ്യതകളും പ്രയോജനപ്പെടുത്തി നിരവധി പദ്ധതികൾ പൂർത്തിയാക്കി. രാമമംഗലം ഗവ. സിഎച്ച്സി ദേശീയ അംഗീകാരവും സംസ്ഥാന സര്‍ക്കാരിന്റെ കായകല്‍പ്പ അവാര്‍ഡും നേടി.
പാമ്പാക്കുട, രാമമംഗലം ആരോഗ്യകേന്ദ്രങ്ങളിൽ പുതിയ കെട്ടിടങ്ങൾ നിർമിച്ചു. എക്സറേ യൂണിറ്റ്, ഈവനിങ് ഒപി, ലാബ് സൗകര്യം, അധിക ജീവനക്കാർ തുടങ്ങിയവ ഏര്‍പ്പെടുത്തി. പാലിയേറ്റീവ് കെയറും തുടങ്ങി. പാമ്പാക്കുട ബ്ലോക്ക് അഗ്രോ സർവീസ് സെന്റർ (ഗ്രീൻ ആർമി) മികവിന് സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചു.
ഇലഞ്ഞി, തിരുമാറാടി, രാമമംഗലം പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനായി രണ്ട് കോടി ചെലവിൽ കുന്നത്തുതാഴം, കൂരുപാടം തുടങ്ങി എട്ട് കുടിവെള്ളപദ്ധതികൾ നടപ്പാക്കി.
പിഎംഎവൈ, ലൈഫ് പദ്ധതികളുടെ നടത്തിപ്പിനായി 3.60 കോടി ചെലവഴിച്ചു. ക്ഷീരകർഷകർ ഫോക്കസ് ബ്ലോക്കായി തെരഞ്ഞെടുക്കപ്പെട്ട ഇവിടെ പാൽ സബ്സിഡിയായി 77 ലക്ഷം രൂപ നൽകി. തീറ്റപ്പുൽ കൃഷി, ഇൻഷുറൻസ്, കിടാരികളെയും കറവപ്പശുക്കളെയും വാങ്ങുന്നതിനുള്ള സഹായം തൊഴുത്തുകൾ നിർമിക്കുന്നതിനടക്കം ക്ഷേമ പദ്ധതികൾക്കായി ഒരുകോടി രൂപയും ചെലവഴിച്ചു.
അരീക്കൽ വെള്ളച്ചാട്ടത്തിനടുത്തും വെട്ടിമൂട് കവലയിലും വഴിയോര വിശ്രമകേന്ദ്രമൊരുക്കി. കിഴുമുറി ആറ്റുതീരം പാർക്ക് യാഥാർഥ്യമാക്കി. പാലക്കുഴ കല്ലിരിക്കുംകണ്ടത്തിൽ നീന്തൽക്കുളവും തോലാനിക്കുന്നേൽ തടയണ നിർമാണവും പൂർത്തിയാക്കി.









0 comments