പറവൂരിന് വികസനത്തിളക്കമേറ്റിയ പി രാജു

p raju

റവന്യു കാർഡ് വിതരണത്തിന്റെ സംസ്ഥാന ഉദ്ഘാടനത്തിനെത്തിയ 
മുഖ്യമന്ത്രി ഇ കെ നായനാരെ പി രാജു മാലയണിയിച്ച് സ്വീകരിക്കുന്നു (ഫയൽ ചിത്രം)

avatar
വി ദിലീപ്‌കുമാർ

Published on Feb 28, 2025, 02:25 AM | 2 min read


പറവൂർ

പറവൂരിനെ വികസനക്കുതിപ്പിലേക്ക്‌ നയിച്ച ജനപ്രതിനിധിയായിരുന്നു പി രാജു. മണ്ഡലത്തിൽ ഇപ്പോൾ കാണുന്ന പശ്ചാത്തലവികസനത്തിന് രൂപംനൽകി നടപ്പാക്കിയതിലും നഗരത്തിന്റെ സമഗ്രമായ വളർച്ചയ്‌ക്ക്‌ വഴിയൊരുക്കിയതിലും പി രാജുവിന്റെ നേതൃപാടവത്തിന്‌ വലിയ പങ്കുണ്ട്‌.


അക്കാലത്ത് മന്ത്രിയായിരുന്ന എസ് ശർമ, നഗരസഭാ അധ്യക്ഷൻ എൻ എ അലി എന്നിവരോട് തോൾ ചേർന്നുനിന്ന് നടത്തിയ വികസനത്തിനപ്പുറം ഇന്നും പറവൂരിന് മറ്റൊന്നും അവകാശപ്പെടാനില്ല.


1951 ജൂലൈ 18ന്‌ ജനിച്ച രാജു കെടാമംഗലം ഗവ. എൽപി സ്‌കൂൾ, പറവൂർ ബോയ്‌സ് സ്‌കൂൾ, മാല്യങ്കര എസ്‌എൻഎം കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. ഇടതുപക്ഷ വിദ്യാർഥിപ്രസ്ഥാനത്തിന്റെ സജീവപ്രവർത്തകനായാണ് പൊതുപ്രവർത്തനത്തിൽ തുടക്കം. ആദ്യവട്ടം എംഎൽഎയായ 1991–--96 കാലഘട്ടത്തിൽ യാത്രാക്ലേശം രൂക്ഷമായ ആലുവ–--പറവൂർ റൂട്ടിൽ ബസ് സർവീസ് ആവശ്യപ്പെട്ട് രാജു അനിശ്ചിതകാലസമരം നടത്തി. അന്നത്തെ ഗതാഗതമന്ത്രി ആർ ബാലകൃഷ്‌ണപിള്ള ‘വൈറ്റ് എക്‌സ്‌പ്രസ്‌' എന്ന പേരിലുള്ള ബസുകളുമായി പറവൂരിൽ നേരിട്ടെത്തി പ്രശ്നം പരിഹരിച്ചു. മന്ത്രിതന്നെ നാരങ്ങാനീര്‌ നൽകിയാണ് സമരം അവസാനിപ്പിച്ചത്.


സബ് ആർടി ഓഫീസ്, ഗവ. ഹോമിയോ ആശുപത്രി, പൊക്കാളി നില വികസന ഏജൻസി ഓഫീസ്, മന്നം 110 കെവി സബ് സ്‌റ്റേഷൻ, കെഎസ്‌ഇബി സബ് എൻജിനിയർ ഓഫീസ്, വടക്കുംപുറം കെഎസ്ഇബി ഓഫീസ്, വാണിയക്കാട് വെയർഹൗസ് കോർപറേഷൻ, ചേന്ദമംഗലം, കോട്ടുവള്ളി, ഏഴിക്കര മൃഗാശുപത്രികൾ, ആനച്ചാൽ - വഴിക്കുളങ്ങര ബൈപാസ്, ഏഴിക്കര കൈതാരം ബൈപാസ്, ആലുവ - പറവൂർ റോഡ് വികസനം, കോട്ടുവള്ളി കേശവത്തുരുത്ത് സ്ളൂയിസ് കം ബ്രിഡ്ജ്, കരിപ്പായിക്കടവ് പഴമ്പിള്ളിത്തുരുത്ത് പാലം, മാഞ്ഞാലി പാലം, തത്തപ്പിള്ളി പാലം, ഗോതുരുത്ത് -കുര്യപ്പിള്ളി പാലം, എട്ടിയോടം പാലം തുടങ്ങിയവ രാജുവിന്റെ കാലത്താണ് യാഥാർഥ്യമായത്. ഏഴിക്കര -കൈതാരം ബൈപാസ് റോഡ് വികസനത്തിനായി രാജുവിന്റെ കുടുംബത്തിന്റെ പേരിലുണ്ടായിരുന്ന സ്ഥലം വിട്ടുനൽകി. ഗോതുരുത്ത് പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണതടസ്സങ്ങൾ നീക്കാൻ ധനവകുപ്പ്‌ സെക്രട്ടറിയുടെ ചേംബറിൽ കുത്തിയിരുന്നിട്ടുണ്ട്. പറവൂർ മിനി സിവിൽ സ്‌റ്റേഷൻ നിർമാണം നടന്നതും ഫയർ സ്‌റ്റേഷന് പുതിയ കെട്ടിടം നിർമിച്ചതും രാജുവിന്റെ കാലത്താണ്.

പി രാജുവിന്റെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പുപോരാട്ടം 1991ലായിരുന്നു. രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനെത്തുടർന്നുള്ള സഹതാപതരംഗത്തിനിടയിലൂം പി രാജു വിജയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home