ഓപ്പറേഷന്‍ ബ്രേക് ത്രൂ ; പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും

file photo
കൊച്ചി
കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഓപ്പറേഷൻ ബ്രേക് ത്രൂ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കലക്ടർ എൻ എസ് കെ ഉമേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
മുല്ലശേരി കനാൽ, ചിലവന്നൂർ തോട്, ഇടപ്പള്ളി തോട്, ഹൈക്കോർട്ട് കനാൽ എന്നിവയുടെ നവീകരണം യോഗം വിലയിരുത്തി. ജില്ലയിൽ വെള്ളക്കെട്ടുണ്ടാകുന്ന ഹോട്ട്സ്പോട്ടുകളെക്കുറിച്ച് ചർച്ച ചെയ്തു. കമ്മട്ടിപ്പാടം പ്രവൃത്തികൾ പൂർത്തിയായതായി ഉദ്യോഗസ്ഥർ അറിയിച്ചു. ജോസ് ജങ്ഷനിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടിയെടുക്കണമെന്നും മുല്ലശേരി കനാൽ നവീകരണത്തിന്റെ ഭാഗമായുണ്ടായ ഗതാഗത തടസ്സം പരിഹരിക്കണമെന്നും കലക്‌ടർ നിർദേശിച്ചു. കൊച്ചി കോർപറേഷൻ പരിധിയിലെ കാനകൾ അടിയന്തരമായി വൃത്തിയാക്കാനും വിവേകാനന്ദതോടിന്റെ നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള പ്രവൃത്തികൾ അടിയന്തരമായി തീർക്കാനും നിർദേശം നൽകി.
ഇടപ്പള്ളി ലുലു മാളിന് എതിർവശം അൽ അമീൻ സ്കൂളിന്റെ ഭാഗത്തുള്ള വെള്ളക്കെട്ട് തടയാനുള്ള മാർഗങ്ങളും ചർച്ചയായി. യോഗത്തിൽ അമിക്കസ്‌ക്യൂറി ഗോവിന്ദ് പത്മനാഭൻ, ജലസേചനവകുപ്പ്, വാട്ടർ അതോറിറ്റി, കൊച്ചി കോർപറേഷൻ ഉദ്യോഗസ്ഥർ പങ്കെടുത്തു.









0 comments