ഓർഡർ ചെയ്‌തവർക്ക്‌ വസ്‌ത്രം ലഭിച്ചില്ല ; ഓൺലൈൻ വസ്‌ത്രവ്യാപാര സ്ഥാപനത്തിനെതിരെ 
പരാതിപ്രവാഹം

Online Scam
avatar
ശ്രീരാജ്‌ ഓണക്കൂർ

Published on Oct 07, 2025, 02:30 AM | 1 min read


കൊച്ചി

ഓൺലൈൻ വസ്‌ത്രവ്യാപാര സ്ഥാപനത്തിൽനിന്ന്‌ ഓർഡർ ചെയ്‌തവർക്ക്‌ മാസങ്ങളായിട്ടും വസ്‌ത്രങ്ങൾ ലഭിച്ചില്ലെന്ന്‌ വ്യാപക പരാതി. ഇൻസ്‌റ്റഗ്രാമിൽ 4.5 ലക്ഷം ഫോളോവർമാരുള്ള വസ്‌ത്രവ്യാപാര സ്ഥാപനത്തിനെതിരെയാണ്‌ കൊച്ചി സിറ്റി പൊലീസ്‌ കമീഷണർ പുട്ട വിമലാദിത്യയ്‌ക്ക്‌ തിങ്കളാഴ്‌ച പരാതി ലഭിച്ചത്‌. വിവിധ ജില്ലകളിൽനിന്നുള്ള 486 പേരുടെ പരാതി ഇ–മെയിലായാണ്‌ ലഭിച്ചത്‌. സിറ്റി പൊലീസ്‌ പ്രാഥമികാന്വേഷണം ആരംഭിച്ചു. നേരത്തേ പനമ്പിള്ളിനഗറിലായിരുന്ന സ്ഥാപനം മൂന്നുമാസമായി കലൂരിലാണ്‌ പ്രവർത്തിക്കുന്നത്‌.


2024 ജൂലൈയിൽ രണ്ടുവസ്‌ത്രങ്ങൾ ഓർഡർ ചെയ്‌തിട്ട്‌ ഒന്നുമാത്രമാണ്‌ ലഭിച്ചതെന്ന്‌ എറണാകുളം സ്വദേശി അഭിരാമി പറഞ്ഞു. 799 രൂപയുള്ള വസ്‌ത്രം ലഭിച്ചത്‌ ഓർഡർചെയ്‌ത്‌ അഞ്ചുമാസത്തിനുശേഷമാണ്‌. 850 രൂപയുടെ കിട്ടാനുണ്ടെന്നും അവർ പറഞ്ഞു. ഒരുവർഷത്തിലധികമായി വസ്‌ത്രങ്ങൾ ലഭിക്കാത്തവരുമുണ്ട്‌. പലരും 1000 രൂപയിലധികമുള്ള വസ്‌ത്രങ്ങളാണ്‌ ഓർഡർ ചെയ്‌തിരിക്കുന്നത്‌.


ഇൻസ്‌റ്റഗ്രാമിൽ അനന്തു സുജിത്ത്‌ എന്നയാൾ ഇതിനെതിരെ വീഡിയോ പങ്കുവച്ചിരുന്നു. തുടർന്ന്‌, തട്ടിപ്പിനിരയായ നിരവധിപേർ വീഡിയോയ്‌ക്കുതാഴെ പ്രതികരിച്ചു. സ്ഥാപനത്തിന്റെ ഇൻസ്‌റ്റഗ്രാംപേജ്‌ വഴി വസ്‌ത്രം ഓർഡർ ചെയ്യാനാകില്ല. വെബ്‌സൈറ്റ്‌വഴിമാത്രമാണ്‌ സ്വീകരിക്കുക. പരമാവധി 90 പ്രവൃത്തിദിവസത്തിനുള്ളിൽ വസ്‌ത്രങ്ങൾ എത്തിക്കുമെന്നാണ്‌ വാഗ്‌ദാനം. ബന്ധപ്പെടാനുള്ള ഫോൺനന്പർ വെബ്‌സൈറ്റിലോ ഇൻസ്‌റ്റഗ്രാം പേജിലോ ഇല്ല. ഇ–മെയിൽ വിലാസം മാത്രമാണുള്ളത്‌. ഇതിൽ വളരെ വൈകിമാത്രമാണ്‌ മറുപടി ലഭിക്കുകയെന്നും പരാതിക്കാർ പറയുന്നു.

അതേസമയം, വസ്‌ത്രങ്ങളിൽ ചിലത്‌ നശിച്ചതിനാൽ ആവശ്യക്കാർക്ക്‌ നൽകുന്നതിൽ കാലതാമസമുണ്ടായിട്ടുണ്ടെന്നും പലതും വിതരണംചെയ്‌തുവരികയാണെന്നും സ്ഥാപന അധികൃതർ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Home