വീട് അലങ്കരിച്ചോളൂ ,
 അലങ്കോലമാക്കല്ലേ

online scam
avatar
ശ്രീരാജ്‌ ഓണക്കൂർ

Published on Oct 23, 2025, 02:15 AM | 1 min read


കൊച്ചി

പുതിയ വീട് വാങ്ങുമ്പോഴോ നിർമിക്കുമ്പോഴോ അലങ്കരിക്കാൻ ആഗ്രഹിക്കാത്തവർ ആരുമുണ്ടാകില്ല. എറണാകുളം സ്വദേശിയും ആ പരീക്ഷണത്തിന്‌ തീരുമാനിച്ചു. ഇൻസ്റ്റഗ്രാമിൽ കണ്ട പേജിൽനിന്ന്‌ 4000 രൂപവീതം വിലയുള്ള രണ്ട് ശിൽപ്പങ്ങൾ ഓർഡർചെയ്തു. 8000 രൂപയുടെ ശിൽപ്പങ്ങൾക്ക്‌ ഇൻസ്റ്റഗ്രാം പേജിലെ വില 2500.


പേജിലുള്ള വാട്സാപ് നമ്പറിൽ കയറി അവർ അയച്ചുതന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പണം നൽകി. പിന്നെ യാതൊരു അറിയിപ്പുമില്ല. വിളിച്ചിട്ട് എടുക്കുന്നുമില്ല. വീട് അലങ്കരിക്കാനുള്ള വസ്തുക്കൾ കുറഞ്ഞവിലയ്ക്ക് നൽകാമെന്ന് പറഞ്ഞ് പണംതട്ടുന്ന സൈബർ സംഘമാണ്‌ എറണാകുളം സ്വദേശിയെയും വലയിൽവീഴ്‌ത്തിയത്‌. ദേശീയ സൈബർ ക്രൈം പോർട്ടലിൽ പരാതി നൽകിയിരിക്കുകയാണ് ഇദ്ദേഹം. ഇത്തരം തട്ടിപ്പുകാർ സജീവമാണെന്ന് കൊച്ചി സിറ്റി സൈബർ പൊലീസ് മുന്നറിയിപ്പ് നൽകുന്നു. ഇവർ ഹാക്ക് ചെയ്യുന്ന ഫോണുകളിലെ നമ്പർ ഉപയോഗിച്ച് വ്യാജ വാട്സാപ്‌ അക്കൗണ്ട് ഉണ്ടാക്കും. ഈ നമ്പറാണ് പേജുകളിൽ നൽകുക. വിളിച്ചാൽ കിട്ടില്ല. വസ്തുക്കൾ വിലകുറച്ചു ലഭിക്കുന്ന പരസ്യങ്ങൾ കണ്ടാൽ അത് കൃത്യമായി പരിശോധിക്കണമെന്ന് പൊലീസ് പറയുന്നു. തന്നിരിക്കുന്ന നമ്പർ പ്രവർത്തിക്കുന്നുണ്ടോയെന്നും സ്ഥാപനത്തിന്റെ ഓഫീസ് എവിടെയാണെന്നും നോക്കുക.


തട്ടിപ്പുകാർ ലിങ്ക് അയച്ചുതന്ന് അതിൽ ക്ലിക്ക് ചെയ്യാൻ പറഞ്ഞാൽ അവഗണിക്കുക. ഇതിൽ ക്ലിക്ക് ചെയ്താൽ ഏതെങ്കിലും ആപ്ലിക്കേഷൻ നിങ്ങളുടെ ഫോണിൽ കടന്നുകൂടും. ഉടനെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാരൻ സ്വന്തമാക്കും. ഫോണിലെ നമ്പറുകളും ബാങ്ക് അക്കൗണ്ട് പാസ്‌വേഡുകളും തട്ടിപ്പുകാരന്റെ കൈയിലെത്തും. തട്ടിപ്പിൽ അകപ്പെട്ടാൽ അടുത്ത പൊലീസ് സ്റ്റേഷനിലോ ദേശീയ സൈബർ ക്രൈം പോർട്ടൽ നമ്പരായ 1930ലോ പരാതി രജിസ്റ്റർ ചെയ്യണമെന്ന് കൊച്ചി സിറ്റി പൊലീസ് പറയുന്നു.




deshabhimani section

Related News

View More
0 comments
Sort by

Home