ഓൺലൈനിൽ കാണുന്നതെല്ലാം ഓണക്കോടിയല്ല


ശ്രീരാജ് ഓണക്കൂർ
Published on Aug 28, 2025, 03:39 AM | 1 min read
കൊച്ചി: ഓൺലൈനിൽ ഓണക്കോടി വാങ്ങാൻ പണം മുടക്കുന്നവർ സൂക്ഷിച്ചോളൂ. ഓൺലൈൻ വസ്‌ത്രവ്യാപാര കമ്പനികളുടെ വ്യാജ സമൂഹമാധ്യമ പേജുകളുമായി പണം തട്ടാനിറങ്ങിയിരിക്കുകയാണ് സൈബർ ക്രിമിനലുകൾ. സൈബർ തട്ടിപ്പ് സംഘത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
യഥാർഥ ഓൺലൈൻ വസ്‌ത്രവ്യാപാര കമ്പനിയുടെ ലോഗോയും സാമ്യമുള്ള പേരുമായിരിക്കും ഇവർ സമൂഹമാധ്യമ പേജിൽ നൽകുക. കമ്പനിയുടെ യഥാർഥ പേരിന്റെ ഒന്നോ രണ്ടോ അക്ഷരങ്ങൾ മാറ്റിയായിരിക്കും പുതിയ പേജ്. നൽകിയിരിക്കുന്ന ഫോൺ നമ്പറിലും സാമ്യമുണ്ടാകും. രണ്ടു ലക്ഷത്തോളം ഫോളോവേഴ്‌സുള്ള ഒരു പ്രമുഖ ഓൺലൈൻ ബൊട്ടീക്കിന്റെ പേരിൽ രണ്ടു ദിവസംമുമ്പ് ഇത്തരം തട്ടിപ്പ് നടന്നു.
ബൊട്ടീക്ക് ഉടമയായ യുവതിക്ക് ഉപഭോക്താവിന്റെ ഫോൺ വന്നു. നിങ്ങളുടെ കൈയിൽ സ്‌റ്റോക്കില്ല എന്ന് പറഞ്ഞ വസ്‌ത്രം, ബൊട്ടീക്കിന്റെ മറ്റൊരു നമ്പറിൽ വിളിച്ചപ്പോൾ ഉണ്ടെന്ന് പറഞ്ഞെന്നായിരുന്നു ചോദ്യം. യുവതി അന്വേഷിച്ചപ്പോൾ തങ്ങളുടെ ബൊട്ടീക്കിന്റെ പേരിൽ മറ്റൊരു പേജ് ആരംഭിച്ചതായി കണ്ടെത്തി. യുവതി ഉപയോഗിച്ച വീഡിയോകൾ എഡിറ്റ് ചെയ്‌താണ് തട്ടിപ്പ് പേജിൽ ഉപയോഗിച്ചിരുന്നത്. പെട്ടന്ന് സ്‌റ്റോക്ക് തീരും വേഗം ഓർഡർ ചെയ്യൂ എന്ന് പറഞ്ഞായിരുന്നു വസ്‌ത്രവിൽപ്പന. പണം അടയ്‌ക്കേണ്ട ക്യുആർകോഡും നൽകി. 2000 രൂപയുടെ വസ്‌ത്രം 1100 രൂപയ്‌ക്ക് ലഭിക്കുമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. ഒടുവിൽ ബൊട്ടീക്ക് ഉടമയ്‌ക്ക് തന്റെ സമൂഹമാധ്യമ പേജിൽ തട്ടിപ്പുകാരനെക്കുറിച്ച് മുന്നറിയിപ്പ് നൽകേണ്ടിവന്നു. ഇത്തരം തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിലോ ദേശീയ സൈബർ ക്രൈം പോർട്ടലായ 1930ലോ വിളിച്ച് പരാതി നൽകാം.
ടെലിവിഷൻ താരം ആര്യ ബാബു ഉടമയായ ബോട്ടീക്കിന്റെ വ്യാജ ഇൻസ്‌റ്റഗ്രാം പേജ് വഴിയുള്ള തട്ടിപ്പിനെക്കുറിച്ച് അടുത്തിടെ പൊലീസിന് പരാതി ലഭിച്ചിരുന്നു. ആര്യയുടെ സമൂഹമാധ്യമ പേജിലെ വീഡിയോകളും ചിത്രങ്ങളും പകർത്തിയെടുത്ത് എഡിറ്റ് ചെയ്‌ത് അതേപേരിൽ മറ്റൊരു പേജ് സൃഷ്‌ടിച്ചായിരുന്നു തട്ടിപ്പ്. ബിഹാറിലെ തട്ടിപ്പുസംഘമാണ് പിന്നിലെന്ന് സൈബർ വിദഗ്‌ധർ കണ്ടെത്തി. ജഡ്‌ജിമാർ, ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ തട്ടിപ്പിനിരയായിരുന്നു.









0 comments