‘ഓണം സമൃദ്ധി 2025’ കർഷകച്ചന്ത തുടങ്ങി

കർഷകരുടെ ഉൽപ്പന്നങ്ങൾക്ക്‌
 സ്ഥിരംവിപണി ഒരുക്കണം: മന്ത്രി പി പ്രസാദ്

Onachantha
വെബ് ഡെസ്ക്

Published on Sep 02, 2025, 02:44 AM | 1 min read


കരുമാല്ലൂർ (പറവൂർ)

എല്ലാ പഞ്ചായത്തുകളിലും കർഷകരുടെ ഉൽപ്പന്നങ്ങളും മൂല്യവർധിത ഉൽപ്പന്നങ്ങളും ലഭ്യമാക്കാൻ സ്ഥിരം സംവിധാനം ഉണ്ടാക്കണമെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. ‘ഓണം സമൃദ്ധി 2025’ കർഷകച്ചന്തയുടെ സംസ്ഥാന ഉദ്ഘാടനം കരുമാല്ലൂർ പഞ്ചായത്ത് ഇക്കോഷോപ്പിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.


കൃഷിഭവൻ, ഹോർട്ടികോർപ്പ്, വിഎഫ്പിസികെ എന്നിവയുടെ സഹകരണത്തോടെ സംസ്ഥാനത്ത് 2000 ഓണച്ചന്തകളുണ്ട്‌. കർഷകരുടെ പഴങ്ങളും പച്ചക്കറികളും 10 ശതമാനം കൂടിയ വിലയ്‌ക്ക് സംഭരിച്ച് പൊതുവിപണിയേക്കാൾ 30 ശതമാനം വിലക്കുറവിൽ ലഭ്യമാക്കും. കർഷകർക്ക് ഉൽപ്പന്നങ്ങൾ ലാഭകരമായി വിറ്റഴിക്കാനുള്ള അവസരം ഓണച്ചന്തയിലൂടെ ലഭിക്കും. കാർഷികോൽപ്പാദനത്തിൽ കൈവരിച്ച അഭിമാനാർഹമായ നേട്ടമാണ്‌ സംസ്ഥാന ഉദ്‌ഘാടനത്തിന്‌ കളമശേരിയെ തെരഞ്ഞെടുക്കാൻ പ്രചോദനമായത്‌.


സംസ്ഥാനത്ത് ഈ വർഷം രണ്ടു ലക്ഷം ടൺ പച്ചക്കറി അധികം ഉൽപ്പാദിപ്പിച്ചു. ഇതിലൂടെ ഓണക്കാലത്ത് വില പിടിച്ചുനിർത്താനായി. കൃഷിഭവനുകൾക്ക് കീഴിലായി 2000 മൂല്യവർധിത ഉൽപ്പന്നങ്ങൾ ‘കേരള അഗ്രോ' എന്ന ബ്രാൻഡിൽ വിപണിയിൽ എത്തിക്കാനായത് നേട്ടമായെന്നും മന്ത്രി പറഞ്ഞു. കർഷകനെ അഭിമാനബോധമുള്ളവനാക്കി മാറ്റാൻ ‘കൃഷിക്കൊപ്പം കളമശേരി’ പദ്ധതിക്കായെന്ന പൊതുവികാരം കർഷകരിൽ ഉണ്ടാക്കിയെന്ന് ചടങ്ങിൽ അധ്യക്ഷനായ മന്ത്രി പി രാജീവ് പറഞ്ഞു. ​


ഭൗമസൂചിക ഉൽപ്പന്നങ്ങൾ കലക്ടർ ജി പ്രിയങ്ക, കേരള അഗ്രോ ഉൽപ്പന്നങ്ങൾ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ രമ്യ തോമസ്, പുഷ്പകൃഷി ഉൽപ്പന്നങ്ങൾ കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡന്റ്‌ സബിത നാസർ, പഴം, പച്ചക്കറി ഉൽപ്പന്നങ്ങൾ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എം ആർ രാധാകൃഷ്ണൻ എന്നിവർ ഏറ്റുവാങ്ങി. കർഷകൻ ടി കെ അബ്ദുൾ റസാഖ്, കർഷകത്തൊഴിലാളി കെ കെ ഷാജി എന്നിവരെ മന്ത്രി പി പ്രസാദ് ആദരിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ മനോജ് മൂത്തേടൻ, കൃഷിവകുപ്പ് ഡയറക്ടർ ഡോ. ശ്രീറാം വെങ്കിട്ടരാമൻ, അഡീഷണൽ ഡയറക്ടർ എസ് സിന്ധു, പോൾസൺ ഗോപുരത്തിങ്കൽ, ജയശ്രീ ഗോപികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. കർഷകച്ചന്ത വ്യാഴാഴ്ച സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home