വൃദ്ധസദനത്തിൽ മർദനമേറ്റ് വയോധികയുടെ മരണം: കേസെടുത്തു

ശാന്ത
കളമശേരി
എരൂരിലെ വൃദ്ധസദനത്തിൽ മർദനമേറ്റ് ചികിത്സയിലിരുന്ന വയോധിക മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ഏലൂർ പൊലീസ് കേസെടുത്തു. മഞ്ഞുമ്മൽ മാടപ്പാട്ട് റോഡ് പാലക്കത്ര വീട്ടിൽ ശാന്തയാണ് (71) മരിച്ചത്. എരൂരിലെ ആർജെ ചാരിറ്റബിൾ ട്രസ്റ്റ് വൃദ്ധസദനത്തിലെ പീഡനങ്ങളെ തുടർന്ന് എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശാന്തയെ കഴിഞ്ഞ 12നാണ് മഞ്ഞുമ്മലിലെ വീട്ടിലേക്ക് കൊണ്ടുവന്നത്. കിടപ്പിലായിരുന്ന അവർ സഹോദരിയുടെയും മകളുടെയും സംരക്ഷണയിലായിരുന്നു. മരണത്തെ തുടർന്ന് ബന്ധുക്കൾ ഏലൂർ പൊലീസിൽ പരാതി നൽകി. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്‌കാരം നടത്തി.
ഭർത്താവ് അയ്യപ്പന്റെ മരണശേഷം ശാന്ത വീണ് കാലിന് പരിക്കേറ്റിരുന്നു. സഹോദരിയുടെ സംരക്ഷണയിലായിരുന്ന ശാന്തയ്‌ക്ക് നടക്കാൻ ബുദ്ധിമുട്ടായതോടെയാണ് മെച്ചപ്പെട്ട പരിചരണത്തിനായി വൃദ്ധസദനത്തിലേക്ക് മാറ്റിയത്. ഇവിടെവച്ച് ജീവനക്കാരി അസഭ്യം പറയുകയും മർദിക്കുകയും ചെയ്തുവെന്ന് ബന്ധുക്കളുടെ പരാതിയിലുണ്ട്. മർദനത്തിൽ വാരിയെല്ലിന് പൊട്ടലുണ്ടായി. കഴിഞ്ഞമാസം അവസാനം എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടറുടെയടുത്ത് എത്തിയപ്പോഴാണ് ശാന്ത മർദനത്തിന്റെ കാര്യം പറയുന്നത്. ശാന്തയുടെ പരാതിയിൽ സ്ഥാപന നടത്തിപ്പുകാരി രാധയുടെ പേരിൽ ഹിൽപാലസ് പൊലീസ് കേസെടുത്തിരുന്നു.









0 comments