നഴ്‌സുമാരുടെ സമരം വിജയിപ്പിച്ച വി എസ്

കോതമംഗലം എംബിഎംഎം ആശുപത്രിയിലെ നഴ്‌സുമാരുടെ സമരവേദിയിൽ വി എസ് എത്തിയപ്പോൾ
ജോഷി അറയ്‌ക്കൽ
Published on Jul 22, 2025, 03:10 AM | 1 min read
കോതമംഗലം
പുന്നപ്ര വയലാർ സമരനായകന്റെ ഇടപെടൽ 114 ദിവസം നീണ്ട നഴ്‌സുമാരുടെ സമരത്തിന് പരിസമാപ്‌തി കുറിച്ച ചരിത്രമാണ് കോതമംഗലത്തിന് പറയാനുള്ളത്. 2012ൽ കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിലെ സമരമാണ് പ്രതിപക്ഷനേതാവായിരുന്ന വി എസിന്റെ ശക്തമായ ഇടപെടലിൽ ഒത്തുതീർന്നത്. ശമ്പളം വർധിപ്പിക്കുക, മൂന്നു ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തുടനീളം സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ സമരരംഗത്തിറങ്ങിയ കാലമായിരുന്നു അത്.
മാർ ബസേലിയോസ് ആശുപത്രിയിൽ നഴ്‌സുമാരുടെ സമരം 114–-ാംദിവസത്തിലെത്തി. ഒത്തുതീർപ്പിന് ആശുപത്രി അധികൃതർ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് മൂന്നു നഴ്‌സുമാർ ആശുപത്രിയുടെ അഞ്ചാംനിലയിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി. ഇതോടെ സമരം സംസ്ഥാനതലത്തിൽ ശ്രദ്ധനേടി. രാഷ്ട്രീയ സംഘടനകളും നാട്ടുകാരും നഴ്‌സുമാർക്ക് പിന്തുണയുമായെത്തി. ഇതോടെ സ്ഥിതി രൂക്ഷമായി. കോതമംഗലത്ത് ഹർത്താൽ പ്രഖ്യാപിച്ചു. സമരക്കാരെ പിന്തിരിപ്പിക്കാൻ പൊലീസ് നിരവധിതവണ ലാത്തിച്ചാർജ് നടത്തി.
ഇവിടേക്കാണ് പ്രതിപക്ഷനേതാവായിരുന്ന വി എസ് എത്തിയത്. സമരംചെയ്യുന്ന നഴ്‌സുമാർക്ക് അദ്ദേഹം പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഉടനടി സമരം അവസാനിപ്പിക്കാനുള്ള നടപടികൾ സർക്കാരും ആശുപത്രി മാനേജ്മെന്റും സ്വീകരിക്കണമെന്ന് വി എസ് ആവശ്യപ്പെട്ടു. ആത്മഹത്യാഭീഷണി മുഴക്കിയ നഴ്സുമാർ വിഎസിന്റെ ഉറപ്പിൽ താഴെയിറങ്ങി.
വി എസ് ഇടപെട്ടതോടെ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ നിർബന്ധിതരായി. മന്ത്രിമാർ ആശുപത്രി പ്രതിനിധികളും നഴ്‌സുമാരുമായി നടത്തിയ ചർച്ചയിൽ സമരം തീർന്നു.









0 comments