ജന്മനാടിന്റെ സ്നേഹവായ്പ്

ജോഷി അറയ്‌ക്കൽ
Published on Nov 25, 2025, 02:45 AM | 1 min read
കോതമംഗലം
ജന്മനാടിന്റെ മനസ്സറിയുന്ന ടി എംഅബ്ദുൾ അസീസിന് നെല്ലിക്കുഴി സമ്മാനിച്ചത് സ്‌നേഹത്തിൽ പൊതിഞ്ഞ വരവേൽപ്. ജില്ലാപഞ്ചായത്ത് നെല്ലിക്കുഴി ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി ടി എം അബ്ദുൾ അസീസിന് വൻ വരവേൽപ്പാണ് നാട് ഒരുക്കിയത്. നെല്ലിക്കുഴി പഞ്ചായത്തിൽ പ്രചാരണത്തിനെത്തിയപ്പോൾ ആദ്യം കുശലം പറയാനെത്തിയത് തൊഴിലാളികളും ഓട്ടോറിക്ഷ ഡ്രൈവർമാരും. 10 വർഷം കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗമായും നിലവിൽ നെല്ലിക്കുഴി പഞ്ചായത്ത് അംഗമായും നാട്ടിൽ നടത്തിയ വികസനപ്രവർത്തനങ്ങൾ അബ്ദുൽ അസീസിന് കരുത്തും പ്രചോദനവുമാണ്.
കോതമംഗലത്തിന്റെ ജനകീയ എംഎൽഎയും സിപിഐ എമ്മിന്റെ ജില്ലയിലെ പ്രമുഖ നേതാവുമായിരുന്ന അന്തരിച്ച ടി എം മീതിയന്റെ മകനാണ് അബ്ദുൾ അസീസ്. അച്ഛന്റെ ജീവിതവീക്ഷണവും രാഷ്ട്രീയകാഴ്‌ചപ്പാടും മുറുകെപ്പിടിച്ച് പൊതുരംഗത്ത് പ്രവർത്തിക്കുന്ന അബ്ദുൾ അസീസിനെ നെഞ്ചോടുചേർക്കുകയാണ് നാട്.
നെല്ലിക്കുഴിയിലെ വീടുകളും സ്ഥാപനങ്ങളും സ്ഥാനാർഥി സന്ദർശിച്ചു. കുറ്റിലഞ്ഞി സഹകരണ ബാങ്കിലെത്തിയപ്പോൾ സഹകാരികളും ജീവനക്കാരുമെല്ലാം 10 വർഷം ബാങ്കിനെ നയിച്ച പ്രസിഡന്റിന് പിന്തുണയുമായെത്തി. സ്ഥാനാർഥിക്ക് എല്ലാ സ്ഥലങ്ങളിലും ലഭിക്കുന്ന സ്വീകാര്യത, നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാകുകയാണ്. നെല്ലിക്കുഴി, പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകൾ ചേർന്നതാണ് നെല്ലിക്കുഴി ജില്ലാപഞ്ചായത്ത് ഡിവിഷൻ.









0 comments