ഹനുമാൻ കൈൻഡിനൊപ്പം ‘അരീക്കലും മാമലയും’

കൊച്ചി
ലോകപ്രശസ്‌ത മലയാളി റാപ്പർ ഹനുമാൻ കൈൻഡിന്റെ പുതിയ സംഗീത ആൽബത്തിലെ താരങ്ങളായി അരീക്കലും മാമലയും. ഹനുമാൻ കൈൻഡിന്റെ യൂട്യൂബ് ചാനലിൽ 25ന് പുറത്തിറങ്ങുന്ന സംഗീത ആൽബത്തിലാണ് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ പാമ്പാക്കുട അരീക്കൽ വെള്ളച്ചാട്ടവും തിരുവാങ്കുളം മാമല പാറമടയും ഇടംപിടിച്ചത്. സംഗീതപ്രേമികൾക്കിടയിൽ തരംഗം സൃഷ്ടിച്ച ‘ബിഗ് ഡോഗ്സ്’, ‘റൺ ഇറ്റ് അപ്പ്’ എന്നീ സംഗീത ആൽബങ്ങൾക്കുശേഷം ഒരുക്കുന്ന പുതിയ ആൽബത്തിന്റെ ചിത്രീകരണം പൂർത്തിയായി.

‘മൺസൂൺ സീസൺ മിക്‌സ് ടേപ്പ് ഒടിഡബ്ല്യു’ എന്ന ആമുഖത്തോടെ പുതിയ ആൽബത്തിന്റെ പ്രൊമോ വീഡിയോ ഹനുമാൻ കൈൻഡിന്റെ യൂട്യൂബ് ചാനലിൽ വെള്ളിയാഴ്‌ച പോസ്റ്റ് ചെയ്‌തു. ഒന്നരലക്ഷത്തിലധികംപേരാണ് 24 മണിക്കൂറിനുള്ളിൽ വീഡിയോ കണ്ടത്. കൊച്ചിയിലെ ബ്രൗൺ ക്രൂ പ്രൊഡക്‌ഷൻ ഹൗസിന്റെ ബാനറിൽ ബിജോയ് ഷെട്ടിയാണ് സംവിധാനം.

ഹനുമാൻ കൈൻഡ് എന്നറിയപ്പെടുന്ന മലപ്പുറം സ്വദേശി സൂരജ് ചെറുകാടിന് ലോകമെമ്പാടും ആരാധകരുണ്ട്. ‘ബിഗ് ഡോഗ്സ്’ സംഗീത ആൽബത്തിന് യൂട്യൂബിൽ ലഭിച്ചത് 24.7 കോടി വ്യൂവ്‌സാണ്. ‘വെയ്‌റ്റ് എ മിനിറ്റ്’ എന്ന ഗാനം സംഗീതലോകത്ത് തരംഗം സൃഷ്‌ടിച്ചു.
ഇന്ത്യൻ പാരമ്പര്യം, സംസ്കാരം, കലാവൈവിധ്യങ്ങൾ എന്നിവയൊക്കെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച ‘റൺ ഇറ്റ് അപ്പ്’ എന്ന ഗാനവും ഏറെ ശ്രദ്ധ നേടി. യൂട്യൂബിൽ 27 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സാണ് ഹനുമാൻ കൈൻഡിനുള്ളത്. ആഷിക് അബു സംവിധാനം ചെയ്‌ത ‘റൈഫിൾ ക്ലബ്’ സിനിമയിൽ ഹനുമാൻ കൈൻഡ് വില്ലൻവേഷം ചെയ്‌തിരുന്നു.









0 comments