എറണാകുളം മാർക്കറ്റ് കനാൽ നവീകരണം ഉടൻ

പുനർനിർമാണം നടത്തുന്ന എറണാകുളം കല്ലുപാലത്തിന്റെ രൂപരേഖ
കൊച്ചി
സംയോജിത നഗര പുനരുജ്ജീവന ജലഗതാഗത പദ്ധതി (ഐയുആര്‍ഡബ്ല്യുടിഎസ്)യുടെ ഭാഗമായി മാർക്കറ്റ് കനാലിന്റെ നവീകരണം ഉടൻ തുടങ്ങുമെന്ന് കെഎംആർഎൽ.
ചെളിയും മണ്ണും നീക്കി ആഴംകൂട്ടുന്നതോടൊപ്പം കനാൽതീരം സൗന്ദര്യവൽക്കരിച്ച് നടപ്പാത നിർമിക്കുന്നതാണ് പദ്ധതി.
തേവര കനാലിന് കുറുകെയുള്ള കല്ലുപാലം പുനർനിർമിക്കാനും നടപടി തുടങ്ങി. മംഗളവനത്തിലെ കനാലിന്റെ ഡ്രഡ്ജിങ് ജോലികൾ ഉടൻ ആരംഭിക്കുമെന്നും പേരണ്ടൂർ കനാൽ പുറമ്പോക്ക് നിശ്ചയിക്കുന്ന സർവേ പുരോഗമിക്കുകയാണെന്നും കെഎംആർഎൽ അറിയിച്ചു. കിഫ്ബിയിൽനിന്നുള്ള 3710 കോടി രൂപ ചെലവഴിച്ച് നഗരത്തിലെ പേരണ്ടൂര്‍, ചിലവന്നൂര്‍, ഇടപ്പള്ളി, തേവര, കോന്തുരുത്തി, മാര്‍ക്കറ്റ് കനാല്‍ എന്നിവയാണ് ആഴവും വീതിയും കൂട്ടി ഇരുവശത്തും നടപ്പാത നിര്‍മിച്ച് നവീകരിക്കുന്നത്.
ഇടപ്പള്ളി കനാൽ നവീകരണത്തിന് ഭൂമി ഏറ്റെടുക്കൽ നടപടി പുരോഗമിക്കുന്നു. മുട്ടാർമുതൽ മരോട്ടിച്ചുവടുവരെയുള്ള പൊന്നുംവില നടപടി ഉടൻ പൂർത്തിയാകും. ബാക്കി ഭാഗത്തെ ഏറ്റെടുക്കൽജോലികളും തുടങ്ങി. ചിലവന്നൂര്‍ കനാലിനു സമീപത്തുള്ള ബണ്ട് റോഡ് പാലത്തിന്റെ പുനര്‍നിര്‍മാണവും മുന്നേറുന്നു.









0 comments