ജനം കാത്തിരിക്കുന്നു, മരടിലെ കരട് നീക്കാൻ

നെട്ടൂർ പ്രിയദർശിനി ഹാൾ
കെ ആർ ബൈജു
Published on Oct 04, 2025, 02:39 AM | 1 min read
മരട്
പതിനഞ്ച് വർഷത്തെ യുഡിഎഫ് ഭരണത്തിലെ വികസനമുരടിപ്പിനും അഴിമതിക്കും സ്വജന പക്ഷപാതത്തിനും മറുപടി നൽകാനൊരുങ്ങി മരട് നിവാസികൾ. കൊച്ചി നഗരത്തോട് ചേർന്നുകിടക്കുന്ന മരടിൽ വികസനസാധ്യതകൾ ഏറെയായിരുന്നു. സൂപ്പർസ്പെഷ്യാലിറ്റി ആശുപത്രിയും ആഡംബരകാറുകളുടെ ഷോറൂമുകളും ആധുനിക മാളുകളുമുള്ള മരടിൽ തനതുവരുമാന സാധ്യതകൾ ഏറെയാണ്. എന്നാൽ, ഇതുപയോഗിച്ച് അടിസ്ഥാനസൗകര്യ വികസനം നടത്തുന്നതിൽ യുഡിഎഫ് ഭരണസമിതി പരാജയമായിരുന്നു.
സാധാരണക്കാർക്ക് ഏറെ പ്രയോജനകരമാകേണ്ടിയിരുന്ന നഗരസഭാ ഉടമസ്ഥതയിലുള്ള കമ്യൂണിറ്റി ഹാളുകൾ, ഓഡിറ്റോറിയങ്ങൾ, പൊതുശ്‌മശാനം എന്നിവ നഗരസഭയുടെ അവഗണനമൂലം നാശോന്മുഖമായി. 1999ൽ എൽഡിഎഫ് ഭരണസമിതി നിർമിച്ച അംബേദ്കർ കമ്യൂണിറ്റി ഹാൾ അറ്റകുറ്റപ്പണി നടത്താത്തതിനാൽ ഉപയോഗശൂന്യമാണ്. 2006ൽ എൽഡിഎഫ് ഭരണസമിതി നിർമിച്ച കുണ്ടന്നൂർ നായനാർ ഓഡിറ്റോറിയവും നെട്ടൂർ പ്രിയദർശിനി കമ്യൂണിറ്റി ഹാളും യഥാസമയം നവീകരിക്കാത്തതിനാൽ ഉപയോഗശൂന്യമാണ്. നെട്ടൂരിലെ പൊതുശ്മശാനം ശാന്തിവനവും സമാന അവസ്ഥയിലാണ്.
ഇവിടെ യഥാസമയം അറ്റകുറ്റപ്പണികൾ നടത്താൻ തയ്യാറായില്ലെന്ന് മാത്രമല്ല കൊട്ടിഘോഷിച്ച് ആരംഭിച്ച ഗ്യാസ് ക്രിമിറ്റോറിയവും തുരുമ്പെടുത്തു നശിച്ചു. നെട്ടൂർ നിവാസികൾ നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് ആശ്രയിക്കുന്ന അമ്പലക്കടവ് കടത്ത് കാര്യക്ഷമമായി പ്രവർത്തിപ്പിക്കുന്നില്ല. നഗരസഭ വാങ്ങിയ പ്രിയദർശിനി ബോട്ടും കെ ബാബുവിന്റെ എംഎൽഎ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ പ്രിയദർശിനി 2 ബോട്ടും കേടായതോടെ നിലവിൽ ഇവ എവിടെയാണ് എന്നറിയാത്ത സ്ഥിതിയാണ്. യുഡിഎഫ് ഭരണസമിതി അഴിമതി നടത്തുന്നതിനുള്ള ഉപാധിയായാണ് അമ്പലക്കടവ് കടത്തിനെ കാണുന്നതെന്നും ആക്ഷേപമുണ്ട്.
എം സ്വരാജിന്റെ എംഎൽഎ ഫണ്ടിൽനിന്ന് ആറുകോടിയിലധികം രൂപ അനുവദിച്ച് നിർമാണം ആരംഭിച്ച വളന്തകാട് പാലം പൂർത്തീകരിക്കുന്നതിന് യുഡിഎഫ് ഭരണസമിതി ചെറുവിരൽ അനക്കിയിട്ടില്ല. ദ്വീപ് നിവാസികളുടെ യാത്രാസ്വപ്നങ്ങൾ പൂർത്തീകരിക്കുന്നതിന് എംഎൽഎ, എംപി, നഗരസഭാ കൗൺസിൽ എന്നിവർ തികഞ്ഞ അവഗണനയാണ് തുടരുന്നത്. നഗരസഭാ പരിധിയിൽ വിവിധ ഡിവിഷനുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് യുഡിഎഫ് ഇടപെടുന്നില്ലെന്ന പരാതിയും ദീർഘകാലമായുണ്ട്. മാലിന്യസംസ്കരണരംഗത്ത് തനതുപദ്ധതികൾ ഇല്ലാത്തതിനാൽ വാർഡുകളിൽ മാലിന്യം കുമിഞ്ഞുകൂടുകയാണ്.
ബജറ്റിൽ പ്രഖ്യാപിക്കുന്ന പദ്ധതികൾ ഒന്നുപോലും നടപ്പാക്കുന്നതിന് നഗരസഭ തയ്യാറാകുന്നില്ല, എല്ലാ ബജറ്റിലും പ്രഖ്യാപിക്കുന്ന വി പി പീറ്റർ ഷോപ്പിങ് കോംപ്ലക്സ് പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങുകയാണ്.









0 comments